കൊവിഡ്: ഹിമാചല്‍ പ്രദേശില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചു

ഹിമാചല്‍: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ എപിഡമിക് ഡീസിസ് നിയമം അനുസരിച്ചുളള നടപടികള്‍ സ്വീകരിക്കും. കൂടാതെ ഇന്ത്യന് ശിക്ഷാ നിയമത്തില്‍ ബന്ധപ്പെട്ട വകുപ്പ് അനുസരിച്ചുളള നടപടിയും സ്വീകരിക്കുമെന്നും ഹിമാചല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

പൊതു സ്ഥലങ്ങള്‍ തുപ്പുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ ഡി ധിമ്മാന്‍ പറഞ്ഞു. നേരത്തെ ച്യൂയിംഗം, പാന്‍ മസാല, ഗുഡ്ക എന്നിവ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഇവ ഉപയോഗിക്കുന്നവരില്‍ ഉമിനീര്‍ ഉത്പാദനം കൂടും, ഇത് നിരന്തരം തുപ്പുന്നതിന് കാരണമാകുമെന്നതിനാലാണ് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അതെസമയം ഹിമാചല്‍പ്രദേശില്‍ 33 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരാള്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. 13 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Exit mobile version