കൊവിഡ് ബാധിച്ച എംഎല്‍എയുമായി കൂടിക്കാഴ്ച; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ക്വാറന്റൈനില്‍ പ്രവേശിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ബുധനാഴ്ച കൊവിഡ് 19 പരിശോധനയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചത്.

നിലവില്‍ മുഖ്യമന്ത്രിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്നും വീട്ടിലിരിന്നുകൊണ്ടുതന്നെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപാണി നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത ഒരാഴ്ചത്തേക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖെദവാലയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എംഎല്‍എയെ നിലവില്‍ ഗാന്ധിനഗറിലെ എസ്‌വിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രി വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും കോണ്‍ഗ്രസ് എംഎല്‍എ അടുത്തിടപഴകിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ 15-20 അടി അകലത്തിലായിരുന്നു രോഗം സ്ഥിരീകരിച്ച എംഎല്‍എ ഇരുന്നത്. ശരീരിക സമ്പര്‍ക്കം ഉണ്ടായിട്ടില്ല.

Exit mobile version