സ്ത്രീകള്‍ അടക്കമുള്ള കൂലിപ്പണിക്കാര്‍ക്ക് മദ്യം വിതരണം ചെയ്ത്, വീഡിയോ പങ്കുവെച്ചു; പിന്നാലെ ടിക് ടോക് താരം അറസ്റ്റില്‍

ഹൈദരാബാദ്: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കൂലിപ്പണിക്കാര്‍ക്ക് മദ്യം വിതരണം ചെയ്ത ടികി ടോക് താരം അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ കുമാര്‍(29) ആണ് അറസ്റ്റിലായത്.

ഹൈദരാബാദ് ചാമ്പാപേട്ടിലെ കള്ള് ഷാപ്പിന് മുന്നില്‍വെച്ചാണ് ഇയാള്‍ കൂലിപ്പണിക്കാര്‍ക്ക് മദ്യം വിതരണം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ടിക് ടോക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് താരത്തിന് പോലീസിന്റെ പിടിവീണത്. ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനും ശ്രദ്ധനേടാനും വേണ്ടിയാണ് കുമാര്‍ മദ്യം വിതരണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിച്ച സാധാരണക്കാര്‍ക്ക് മദ്യം നല്‍കി സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാളുടെ വാദം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.

Exit mobile version