‘വെറുപ്പും ദേഷ്യവും തോന്നുന്നു, വിവേകമില്ലാത്തവര്‍ ഏറ്റവും മോശം ക്രിമിനലുകളാണ്’ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി അജയ് ദേവ്ഗണ്‍

മുംബൈ: കൊറോണ വൈറസ് എന്ന മഹാമാരിക്കിടെ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ട്വിറ്ററിലൂടെയാണ് വിമര്‍ശനം തൊടുത്തത്.

ഇക്കാര്യത്തില്‍ തനിക്ക് ദേഷ്യവും വെറുപ്പുമാണ് തോന്നുന്നതെന്ന് അജയ് ട്വിറ്ററില്‍ കുറിച്ചു. ”അടിസ്ഥാനരഹിതമായ അനുമാനങ്ങളില്‍ ‘വിദ്യാസമ്പന്നരായ’ ആളുകള്‍ അവരുടെ സമീപത്തുള്ള ഡോക്ടര്‍മാരെ ആക്രമിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വായിച്ചതില്‍ വെറുപ്പും ദേഷ്യവും തോന്നുന്നു. അത്തരം വിവേകമില്ലാത്തവര്‍ ഏറ്റവും മോശം ക്രിമിനലുകളാണ്,”അജയ് ട്വീറ്റ് ചെയ്തു.

ഇങ്ങനെയുള്ളവരെ ജയിലിലടക്കണം, ഇത്തരം ആളുകള്‍ നൂറു ശതമാനവും ക്രിമിനലുകളാണ് എന്നൊക്കെയാണ് അജയ് ദേവ്ഗണിനെ പിന്തുണച്ച് കൊണ്ട് ട്വീറ്റിന് താഴേ വന്നിരിക്കുന്ന പ്രതികരണങ്ങള്‍. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ഇറങ്ങിയ രണ്ട് ഡോക്ടര്‍മാരെ ഒരാള്‍ ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

Exit mobile version