ആംബുലന്‍സും ചികിത്സയും ലഭിച്ചില്ല: അമ്മയുടെ കൈകളില്‍ കിടന്ന് മൂന്നുവയസുകാരന്‍ മരിച്ചു, മൃതദേഹം നെഞ്ചോട് ചേര്‍ത്ത് ഈ അമ്മ നടന്നത് കിലോമീറ്ററുകള്‍, കണ്ണീര്‍ കാഴ്ച

പട്ന: ആംബുലന്‍സ് കിട്ടാതെയും കൃത്യസമയത്ത് ചികിത്സ കിട്ടാതെയും മൂന്നു വയസുകാരന്‍ മരണപ്പെട്ടു. അമ്മയുടെ കൈകളില്‍ കിടന്നാണ് കുട്ടി മരണപ്പെട്ടത്. ശേഷം മകന്റെ മൃതദേഹം നെഞ്ചിലേറ്റി ഈ അമ്മ നടന്നത് മൈലുകളോളമാണ് നടന്നത്. ഒപ്പം മകളെയുമെടുത്ത് അച്ഛനും ഒപ്പം നടക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഉള്ളം പൊള്ളിക്കുന്നതാണ് കരഞ്ഞുകൊണ്ടുള്ള ഈ അമ്മയുടെ യാത്ര.

വീട്ടിലേക്ക് മടങ്ങാനും ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മകന്റെ മൃതദേഹവുമായി അവര്‍ നടന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകിയത് കൊണ്ടാണ് കുട്ടി മരിക്കാനിടയായതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി പനിയും ജലദോഷവും ചുമയും കാരണം അവശനിലയിലായ കുട്ടിയെ ജഹനാബാദിലെ ആശുപത്രിയിലേക്ക് ടെംപോയിലാണ് കൊണ്ടുവന്നത്. ആംബുലന്‍സ് ലഭിക്കാത്തതിവനെ തുടര്‍ന്നാണ് ടെംപോയില്‍ കൊണ്ടുവന്നതെന്ന് കുട്ടിയുടെ അച്ഛന്‍ ഗിരേജ് കുമാര്‍ പറഞ്ഞു.

മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം കൊണ്ട് പോകുന്ന കാഴ്ച കണ്ടവര്‍ സഹായവാഗ്ദാനവുമായി അടുത്തെത്തി. എന്നാല്‍ ഇനി ഞങ്ങള്‍ക്ക് ആംബുലന്‍സിന്റെ ആവശ്യമില്ലെന്ന് ഗിരേജ് കുമാര്‍ അതീവ ദുഃഖിതനായി മറുപടി നല്‍കി. ജഹനാബാദിലെ സദര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിയെ പട്ന മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ അനാസ്ഥ കാരണം ആംബുലന്‍സ് ലഭിക്കാത്തതാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് ഗിരേജ് കുമാര്‍ തുറന്നടിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു.

സംഭവത്തില്‍ സദര്‍ ആശുപത്രിയിലെ ഒരു മാനേജരെ സസ്‌പെന്‍ഡ് ചെയ്യുകയും ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാമജിസ്ട്രേറ്റ് നവീന്‍ കുമാര്‍ പ്രതികരിച്ചു.

Exit mobile version