കൊവിഡ് 19; വൈറസ് ബാധമൂലം തമിഴ്‌നാട്ടില്‍ ഒരുമരണം കൂടി, മരണസംഖ്യ പതിനൊന്നായി

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധമൂലം തമിഴ്‌നാട്ടില്‍ ഒരാള്‍ കൂടി മരിച്ചു. ചെന്നൈ സ്വദേശിയായ 45 കാരിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 969 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ചെന്നൈയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പടെ 58 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശുപത്രി ജീവനക്കാരെയും രോഗികളെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ചെന്നൈയിലും കോയമ്പത്തൂരുമാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത്. ചെന്നൈയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള നിയന്ത്രണം തുടരണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം ഇതുവരെ 7447 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം 240 പേരാണ് മരിച്ചത്. അതേസമയം വരുന്ന മൂന്ന് നാലാഴ്ചകള്‍ രാജ്യത്തിന് വളരെ നിര്‍ണായകമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. കൊറോണയെ തടയാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി നിന്ന് പരിശ്രമിച്ചതിനാല്‍ വൈറസ് ബാധിതരുടെ എണ്ണംകുറയ്ക്കാന്‍ കഴിഞ്ഞെന്നും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു.

Exit mobile version