കഴിവുകള്‍ മിനുക്കിയെടുക്കാം, പുതിയവ സ്വായത്തമാക്കാം; നിലത്തിരുന്ന് മാസ്‌ക് തുന്നുന്ന ഭാര്യയുടെയും മകളുടെയും ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വീട്ടില്‍ ഇരിക്കുന്നവര്‍ പല പല വിനോദങ്ങളിലാണ് ഏര്‍പ്പെടുന്നത്. ഇപ്പോള്‍ ഭാര്യ മൃദുലയും മകള്‍ മൈമിഷയും മാസ്‌ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.

ഇവരെ കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് മന്ത്രി പറയുന്നു. ദുരിതമനുഭവിക്കുന്ന അവസരത്തില്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന ചെറിയ അവസരം പോലും പാഴാക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നമ്മുടെ കഴിവുകള്‍ മിനുക്കിയെടുക്കാനും പുതിയവ സ്വായത്തമാക്കാനും ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ പാഴാക്കരുതെന്നും ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

നിലത്തിരുന്ന തുന്നാവുന്ന സാധാരണ രീതിയിലുള്ള തയ്യല്‍ മെഷീന്‍ ഉപയോഗിച്ചാണ് മുദുലയും മൈമിഷയും മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. വെള്ളനിറത്തിലുള്ള മാസ്‌കുകളാണ് ഇരുവരും തുന്നുന്നത്. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന, വീടുകളില്‍ നിര്‍മിച്ച മാസ്‌കുകള്‍ ധരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ ഇരുന്ന് മാസ്‌ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Exit mobile version