കൊവിഡ് വെറും നിസാര പനി, ആരും മരിക്കില്ലെന്ന് പ്രസ്താവന; പിന്നാലെ ബ്രസീല്‍ പ്രസിഡന്റ് ഐസൊലേഷനില്‍

സാവോപോളോ: കൊവിഡ് 19നെ നിസാരവത്കരിച്ച് വിവാദ പ്രസ്താവന നടത്തിയ ബ്രസീല്‍ പ്രസിഡന്റ് ഐസൊലേഷനില്‍. കൊവിഡ് വെറും നിസാര പനി മാത്രമാണെന്നും, ആരും മരിക്കില്ലെന്നുമായിരുന്നു ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോയുടെ പ്രസ്താവന. സംഭവത്തില്‍ വന്‍ വിമര്‍ശമാണ് ഉയര്‍ന്നത്. യുഎസില്‍ കൊവിഡിനെതിരെ നടപടിയെടുക്കാന്‍ വൈകിയ ട്രംപിനേക്കാള്‍ അപകടകാരിയായ നേതാവ് എന്നാണ് ബൊല്‍സാനരോയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പടെ വിമര്‍ശനം തൊടുത്തത്.

ഇപ്പോള്‍, ശനിയാഴ്ച മുതല്‍ ബൊല്‍സാനരോയും ഐസൊലേഷനിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. നേരത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബൊല്‍സാനരോയും സമ്പര്‍ക്ക വിലക്കിലായിരുന്നു. പിന്നീട് വീണ്ടും സജീവമാവുകയായിരുന്നു. റിയോ ഡി ജെനീറോയില്‍ ബൊല്‍സാനരോ നടത്തിയ പ്രസംഗമാണ് വിവാദത്തില്‍ കലാശിച്ചത്.

കൊവിഡ് ബാധിച്ച് മരിക്കില്ലെന്നും ചെറിയ പനി മാത്രമാണെന്നും പ്രസംഗത്തില്‍ ബൊല്‍സാനരോ പറഞ്ഞു. എന്നാല്‍, ലോക്ക്ഡൗണ്‍ ബ്രസീലിന്റെ നടുവൊടിക്കും. നഷ്ടം ഭീമമായിരിക്കും. വീട്ടില്‍ അടച്ചിട്ടിരിക്കാതെ ജനം ജോലിക്ക് പോകണം. കൊവിഡിനേക്കാള്‍ വലിയ നഷ്ടമായിരിക്കും ലോക്ക്ഡൗണ്‍ കാരണമുണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രസിഡന്റും കൊവിഡ് നിരീക്ഷണത്തിലായിരിക്കുന്നത്.

Exit mobile version