ഹെല്‍പ്പ് ലൈനില്‍ വിളിച്ച് ചൂട് സമോസ വീട്ടിലെത്തിക്കണമെന്ന് യുവാവ്; സമോസയും വാങ്ങിക്കൊടുത്ത് ശിക്ഷയായി ഓടയും വൃത്തിയാക്കാന്‍ ഉത്തരവിട്ട് കളക്ടര്‍

റാംപുര്‍: രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ വലയുന്ന ജനങ്ങള്‍ക്ക് വേണ്ട സാഹയം എത്തിക്കാന്‍ അധികൃതര്‍ പെടാപാട് പെടുന്ന നേരം ഹെല്‍പ്പ് ലൈനിലേയ്ക്ക് വിളിച്ച് ചൂട് സമോസ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിത് എട്ടിന്റെ പണി. ഹെല്‍പ്പ് ലൈനില്‍ വിളിച്ച് ചൂട് സമോസ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ യുവാവ് ആണ് വിളിച്ചത്. ആദ്യം അധികൃതര്‍ കാര്യമായി എടുത്തില്ലെങ്കിലും പിന്നീടും ഇയാള്‍ വിളി തുടര്‍ന്ന് കൊണ്ടേയിരിക്കുകയായിരുന്നു.

ഇതോടെ റാംപുര്‍ ജില്ലാ കളക്ടര്‍വിഷയത്തില്‍ ഇടപെട്ടു. യുവാവിന്റെ വീട്ടില്‍ സമോസ എത്തിച്ചു നല്‍കാനും അദ്ദേഹം നിര്‍ദേശം നല്‍കി, അതോടൊപ്പം ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിന് ശിക്ഷയായി നിര്‍ബന്ധിത സാമൂഹികസേവനം നടത്തണമെന്ന ഉത്തരവും ഇടുകയായിരുന്നു. സാമൂഹികസേവനത്തിന്റെ ഭാഗമായി പ്രദേശത്തെ ഓട വൃത്തിയാക്കാനാണ് കളക്ടര്‍ ഉത്തരവിട്ടത്.

യുവാവിന്റെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യുവാവ് ഓട വൃത്തിയാക്കുന്നതിന്റെ ചിത്രം റാംപുര്‍ ജില്ലാ കളക്ടര്‍ പുറത്ത് വിട്ടു. രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്താന്‍ ഇത്തരത്തില്‍ ആരും ശ്രമിക്കരുതെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Exit mobile version