കൊറോണ വൈറസ് ബാധിത രാജ്യത്തിലേയ്ക്ക് തെല്ലും ആശങ്കയില്ലാതെ വിമാനം പറത്തി; താരമായി സ്വാതി റാവല്‍, ഇവള്‍ ധീരവനിതയെന്ന് ജനം

ന്യൂഡല്‍ഹി: ലോകം കണ്ട മഹാമാരിയില്‍ നിന്നും മുക്തി നേടാനുള്ള കഠിന പരിശ്രമങ്ങളാണ് ഓരോ രാജ്യവും നടത്തി വരുന്നത്. വൈറസ് ബാധയില്‍ നിന്നും രക്ഷ നേടാനും മരണം മുന്‍പില്‍ കണ്ട് ഓരോ രാജ്യങ്ങളില്‍ പെട്ടുപോയവര്‍ക്കും തുണയായത് ക്യാപ്റ്റന്‍ സ്വാതി റാവല്‍ എന്ന പൈലറ്റിന്റെ ധൈര്യവും ആത്മവിശ്വാസവുമാണ്. തുടക്കത്തില്‍ കൊറോണ വൈറസ് തകര്‍ത്ത് ചൈനയെ ആണെങ്കില്‍ ഇപ്പോള്‍ ഇറ്റലിയാണ് ലക്ഷ്യം. ഇവിടെ കുടുങ്ങിയവര്‍ക്കാണ് സ്വാതി തുണയായത്.

സ്വന്തം ജീവന്‍ പോലും വകവെക്കാതെയാണ് കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവരെ സുരക്ഷിതമായി ഇന്ത്യയിലേക്കെത്തിക്കാന്‍ ക്യാപ്റ്റന്‍ സ്വാതി റാവല്‍ എന്ന പൈലറ്റ് പറന്നത്. ഇറ്റലിയില്‍ കുടുങ്ങിയ 263 പേരെ ഇന്ത്യയിലേക്കെത്തിക്കാനായി പറന്ന ബോയിങ് 777 വിമാനം പറപ്പിച്ചാണ് സ്വാതി താരമായത്.

തെല്ലും ആശങ്കയില്ലാതെയും സ്വന്തം ജീവന് വിലകല്‍പ്പിക്കാതെയുമാണ് സ്വാതി പറന്നുയര്‍ന്നത്. സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ താരം സ്വാതി തന്നെയാണ്. ഹീറോ പരിവേഷമാണ് സോഷ്യല്‍മീഡിയയും ജനവും നല്‍കുന്നത്. സ്വാതി തൊഴിലിനോട് കാണിച്ച ആത്മാര്‍പ്പണത്തെ കാണാതിരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് ട്വിറ്ററിലും മറ്റും താരമാവുകയാണ്. റോമില്‍ കുടുങ്ങിയ 263 പേരെ ഇന്ത്യയിലെത്തിക്കാന്‍ പരിശ്രമിച്ച സ്വാതിയടങ്ങുന്ന ക്രൂവിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചിരുന്നു.

തൊഴിലിനോട് കാണിച്ച ആത്മാര്‍ഥത സ്വാതിയിലെ ധീരതയേയാണ് കാണിക്കുന്നതെന്നു പറഞ്ഞാണ് പലരും ട്വീറ്റ് ചെയ്യുന്നത്. ഇതാദ്യമായല്ല സ്വാതി വാര്‍ത്തകളില്‍ നിറയുന്നതും, 2010ല്‍ മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് വനിതാ ക്രൂ പറപ്പിച്ച എയര്‍ഇന്ത്യാ വിമാനത്തിലും സ്വാതി ഉണ്ടായിരുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് സ്വാതി. യുദ്ധവിമാനത്തിലെ പൈലറ്റ് ആകണമെന്നതായിരുന്നു ആഗ്രഹം, എന്നാല്‍ അന്ന് എയര്‍ഫോഴ്സില്‍ വനിതകള്‍ക്ക് പൈലറ്റാകാനുള്ള അനുമതി ഇല്ലാതിരുന്നതാണ് സ്വാതിയെ കൊമോഴ്സ്യല്‍ പൈലറ്റാക്കിയത്.

Exit mobile version