കൊവിഡ് 19; തമിഴ്‌നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. നാല് ഇന്ത്യോനേഷ്യന്‍ സ്വദേശികള്‍ക്കും ചെന്നൈ സ്വദേശിയായ ഒരു ട്രാവല്‍ ഗൈഡിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ സേലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിവര്‍. ഇതോടെ തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 23 ആയി ഉയര്‍ന്നു.

വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. അതേസമയം തമിഴ്‌നാട്ടില്‍ സമൂഹ വ്യാപനത്തിലൂടെ വൈറസ് ബാധയേറ്റെന്ന് സംശയിച്ച മധുര സ്വദേശി മരിച്ചു. വൈറസ് ബാധമൂലം മരിച്ചയാള്‍ വിദേശത്ത് പോവുകയോ വിദേശ ബന്ധമുള്ളവരുമായി ഇടപഴകിയതായോ സ്ഥരീകരണമില്ല. ഇതേതുടര്‍ന്നാണ് സമൂഹ വ്യാപനമാണെന്ന സംശയം ഉടലെടുത്തത്.

അതേസമയം ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അറുപതിലധികം ആളുകളെ നിരീക്ഷണത്തിലാക്കി. ഇയാള്‍ മാര്‍ച്ച് 9ന് അയല്‍വാസിയുടെ വീട്ടില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. അന്നേ ദിവസം ചടങ്ങിനെത്തിയ അറുപത് പേരെയാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

Exit mobile version