ശമ്പളം വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടുറോഡില്‍ ഇട്ട് കത്തിച്ചു; 125 അധ്യാപകര്‍ അറസ്റ്റില്‍

1988 മുതല്‍ 2009 വരെ തമിഴ്നാട്ടിലെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തുല്യമായ ശമ്പളമാണ് ലഭിച്ചിരുന്നത്.

കല്‍പ്പറ്റ: ശമ്പളം വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടുറോഡില്‍ ഇട്ട് കത്തിച്ച സംഭവത്തില്‍ 125 അധ്യാപകര്‍ അറസ്റ്റില്‍. തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ വിജ്ഞാപനമാണ് അധ്യാപകര്‍ ഗുഢല്ലൂര്‍ ടൗണില്‍ പരസ്യമായി അഗ്നിയ്ക്ക് ഇരയാക്കിയത്. അറസ്റ്റ് ചെയ്ത അധ്യാപകരെ അടുത്തുള്ള ഓഡിറ്റോറിയത്തിലേക്ക് മാറ്റി, പിന്നീട് വിട്ടയച്ചു. തമിഴ്നാട് പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ അംഗങ്ങളായ 200 ഓളം അധ്യാപകരാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

1988 മുതല്‍ 2009 വരെ തമിഴ്നാട്ടിലെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തുല്യമായ ശമ്പളമാണ് ലഭിച്ചിരുന്നത്. 2009ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഏഴാം ശമ്പളകമ്മീഷന്റെ ശുപാര്‍ശ പ്രകാരം പ്രാഥമിക-മിഡില്‍ സ്‌കൂള്‍ അധ്യാപകരുടെ അടിസ്ഥാനശമ്പളത്തില്‍ 5500 രൂപ കുറവുണ്ടായി. ഇതിനെതിരെ അധ്യാപക സംഘടനകള്‍ നിരവധി തവണ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായി 750 രൂപ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു നല്‍കി.

2017 ഒക്ടോബറില്‍ എട്ടാംശമ്പളക്കമ്മീഷന്റെ ശുപാര്‍ശ പ്രകാരം നടത്തിയ പുതിയ ശമ്പളപരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളത്തിലെ കുറവ് 14800 രൂപയായി. ഇതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അധ്യാപകര്‍ അഗ്നിക്കിരയാക്കിയത്. കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തുല്യമായ ശമ്പളം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Exit mobile version