രാജ്യത്ത് ജനത കര്‍ഫ്യൂ; ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ക്കൊപ്പം ഘോഷയാത്ര നടത്തി ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും, വിവാദം

പിലിഭിത്ത്: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനത കര്‍ഫ്യു പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്തിയില്‍ നടത്തിയ ഘോഷയാത്ര വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ജില്ലാ മജിസ്ട്രേറ്റും എസ്പിയും ചേര്‍ന്നാണ് ജനങ്ങള്‍ക്കൊപ്പം നിന്ന് ഘോഷയാത്ര നടത്തിയത്. രാജ്യം ജനതാ കര്‍ഫ്യുവില്‍ നില്‍ക്കുമ്പോഴാണ് സംഭവം.

ആള്‍ക്കൂട്ടം പാടില്ലെന്നും സാമൂഹ്യ സമ്പര്‍ക്കം ഒഴിവാക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ക്കിടെയാണ് അധികൃതര്‍ തന്നെ ഘോഷയാത്രക്ക് നേതൃത്വം കൊടുത്തതായി ആരോപണമുയര്‍ന്നരിക്കുന്നത്. എസ്പി അഭിഷേക് ദീക്ഷിതും ജില്ലാ മജിസ്ട്രേറ്റ് വിഭവ് ശ്രീവാസ്തവയുമാണ് ജാഥക്ക് നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് പിന്നിലും മുന്നിലുമായ നിരവധി ആളുകള്‍ പാത്രങ്ങള്‍കൊട്ടിയും മറ്റുമായി അണിനിരക്കുകയും ചെയ്തു.

കുട്ടികളടക്കം ഈ ജാഥയിലുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. സംഭവം വിവാദമായതോടെ പ്രതിക്കൂട്ടിലായ പിലിഭിത്ത് പോലീസ് വിശദീകരണവുമായി രംഗത്തെത്തി. ‘ജില്ലാ മജിസ്ട്രേറ്റും എസ്പിയും കര്‍ഫ്യൂ ലംഘനം നടത്തിയിട്ടില്ല. ചില ആളുകള്‍ തെരുവകളിലെ വീടുകളില്‍ നിന്ന് ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. അവരോട് വീടുകളിലേക്ക് തിരികെ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ബലപ്രയോഗം നടത്തുന്നത് ന്യായമല്ലാത്തത്ക്കൊണ്ട് അതുണ്ടായില്ല. ഇക്കാര്യത്തില്‍ ഏകപക്ഷീയമായ പ്രചാരണമാണ് നടത്തുന്നത്’ പോലീസ് വിശദീകരണ കുറിപ്പില്‍ അറിയിച്ചു.

Exit mobile version