രഞ്ജന്‍ ഗൊഗോയ്ക്ക് മാത്രമല്ല; പദവി ലഭിച്ചത് സഹോദരന്‍ അഞ്ജന്‍ ഗൊഗോയിക്കും!

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്തത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ രഞ്ജന്‍ ഗൊഗോയിക്ക് പദവി ലഭിച്ചതിന് മുന്‍പ് തന്നെ സഹോദരന്‍ അഞ്ജന്‍ ഗൊഗോയിക്ക് പദവി ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഗൊഗോയിയുടെ മൂത്ത സഹോദരന്‍ റിട്ട.എയര്‍ മാര്‍ഷല്‍ അഞ്ജന്‍ ഗൊഗോയിയെ ആണ് രാഷ്ട്രപതി ഭവന്‍ സഹമന്ത്രിക്ക് സമാനമായ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ എന്‍ഇസിയിലെ ഒരു മുഴുവന്‍ സമയ അംഗമായിട്ടാണ് അഞ്ജന്‍ ഗൊഗോയിയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

എന്‍ഇസിയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിരമിച്ച ഒരു പ്രതിരോധ ഉദ്യോഗസ്ഥനെ രാഷ്ട്രപതി ഈ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. 2013-ഫെബ്രുവരിയിലാണ് അഞ്ജന്‍ ഗൊഗോയി വ്യോമസേനയില്‍ നിന്ന് വിരമിക്കുന്നത്. എന്‍ഇസി അംഗമായി മൂന്നു വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

Exit mobile version