പരിഹസിച്ചവരെയും കുറ്റപ്പെടുത്തിയവരെയും തോല്‍പ്പിച്ച് ജീവിതത്തില്‍ പുതിയ വിജയം തീര്‍ത്ത് ഡോളി

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ചില ആളുകള്‍ അങ്ങനെയാണ്, അവര്‍ നമ്മുടെ മനസ്സിനെ വല്ലാതെ തളര്‍ത്തും. അങ്ങേയറ്റം നമ്മെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. എന്നാല്‍ അതെല്ലാം ഉണര്‍വോടെ പുതിയ ലക്ഷ്യത്തിലേക്ക് എത്തിക്കാനായാല്‍ നമുക്ക് വിജയിക്കാം. ഫീനിക്‌സ് പക്ഷിയുടെ കഥ പോലെ, കരുത്താര്‍ന്നവയാവണം നാം ഓരോര്‍ത്തരും. കരിഞ്ഞു ചാമ്പലായാലും ഉയര്‍ത്തെഴുന്നേല്‍ക്കണം ലക്ഷ്യപ്രാപ്തിക്കായി. ഇത് അത്തരത്തില്‍ ഒരു കൊച്ചു ഫീനിക്‌സ് പക്ഷിയുടെ കഥയാണ്. ഡോളി എന്ന പെണ്‍കുട്ടിയുടെ കഥ.

ആറ് വയസ്സുള്ളപ്പോള്‍ തന്നെ ഡോളിയുടെ ചങ്ങാതി കുളിമുറിയിലെ ഷാംപൂകളായിരുന്നു. ഒരു ഫാഷന്‍ ഡിസൈനറാകണമെന്നായിരുന്നു കൊച്ചുനാളിലെ വരുടെ സ്വപ്നം. സ്‌കൂളില്‍ പറയത്തക്ക ചങ്ങാതിമാരൊന്നും അവള്‍ക്കുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തില്‍ അവള്‍ക്കും സഹോദരനും രണ്ട് ജോഡി പുതിയ വസ്ത്രങ്ങള്‍ മാത്രമെ കിട്ടുമായിരുന്നുള്ളൂ.. ദാരിദ്ര്യമായിരുന്നു അക്കാലത്ത് കൂട്ട്. വളഞ്ഞ പല്ലുകളും ഏറെ മെലിഞ്ഞ ശരീരവും കാരണം എല്ലാവരും ഡോളിയെ കളിയാക്കും. കുടുംബം, സുഹൃത്തുക്കള്‍, അധ്യാപകര്‍, അപരിചിതര്‍ എല്ലാവരും അവളെ കൊള്ളി, കൊതുക്, ഈര്‍ക്കിലി എന്നൊക്കെ വിളിച്ചു. ഒരു കാറ്റടിച്ചാല്‍ പറന്നുപോകുമെന്നാണ് ചിലരൊക്കെ കളിയാക്കിയത്. മെലിഞ്ഞുണങ്ങിയ ശരീരം കണ്ട് ഡോളിപോലും ലജ്ജിച്ചു.

സഹോദരനൊപ്പം

ആദ്യമൊക്കെ തമാശയായി കരുതിയ ഇത്തരം കളിയാക്കലുകള്‍ക്കെതിരെ പോരാടാനുറച്ചു ഡോളി. പ്ലസ് വണ്ണിലെത്തിയപ്പോള്‍ കളിയാക്കല്‍ ഭീഷണിയുടെയും റാഗിങ്ങിന്റെയും സ്വരമുണ്ടായിരുന്നു.
ഒരിക്കല്‍ സ്‌കൂളിലെ ഒരു സെന്റോഫ് ചടങ്ങിലേക്ക് സാരിയുടുത്തു പോയ ഡോളിയെ ടീച്ചര്‍ വല്ലാതെ പരിഹസിച്ചു. മറ്റുള്ളവരുടെ മുന്നില്‍വെച്ച് ഇറങ്ങിപ്പോകാന്‍ പറഞ്ഞു ടീച്ചര്‍. അന്നേരം ഭൂമി പിളര്‍ന്ന് അതിനുള്ളിലേക്ക് ആഴ്ന്നുപോയെങ്കിലെന്ന് കൊതിച്ചുപോയി.

പിന്നെയാണ് ഡല്‍ഹിയിലേക്ക് താമസം മാറുന്നത്.പുതിയ സ്ഥലം, പുതു ജീവിതം.അതിനിടയില്‍ ഒരുത്തനുമായി പ്രണയത്തിലായി. അവന്‍ ആദ്യമായി ഡോളിയെ കാണാന്‍ വന്നു. മെലിഞ്ഞുണങ്ങിയ വളഞ്ഞ പല്ലുകളുള്ള ഡോളിയെ അവനെന്തോ അത്രയ്ക്ക് ഇഷ്ടമായില്ല. തകര്‍ന്നുപോയി ആ കൗമാര മനസ്.പിന്നെപിന്നെ ആളുകളെ കാണുന്നതുപോലും ഡോളിക്ക് ഇഷ്ടമില്ലാതെയായി. എല്ലാവരെയും അവള്‍ മനസില്‍നിന്ന് പുറത്താക്കി.

മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി എന്തിന് മാറി നില്‍ക്കണമെന്നൊരു തോന്നല്‍ ഡോളിയില്‍ വല്ലാത്തൊരു കരുത്തുണ്ടാക്കി. മുഴുവന്‍ ശ്രദ്ധയും സാമ്പത്തികമായി സ്വതന്ത്രമാവുന്നതിനെക്കുറിച്ചായി.അങ്ങനെ സരോജിനിയില്‍ നിന്ന് ഓണ്‍ലൈനില്‍ വസ്ത്രങ്ങള്‍ വില്‍ക്കാനും മാളുകളില്‍ എമിസി ചെയ്യാനും തുടങ്ങി.
കൂടുതല്‍ പണം ലാഭിക്കാന്‍ അത്താഴത്തിനും സിനിമകള്‍ക്കുമായി പോകുന്നത് ഒഴിവാക്കി. ഫാഷനോടുള്ള ഡോളിയുടെ പഴയ പ്രണയവും പുറത്തുവന്നു.

സ്കൂൾ പഠനകാലത്ത്

ഒരു ഫാഷന്‍ ബ്ലോഗ് സൃഷ്ടിച്ച ഡോളി പിന്നീടങ്ങോട്ടുള്ള ജീവിതം ഫാഷന്‍ ഡിസൈനിലേക്ക് തിരിച്ചു.അതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ നിര്‍മ്മിക്കുകയും ചെയ്തു. അങ്ങനെ ഡോളി ഡല്‍ഹിയില്‍ സ്ഥലം വാടകക്കെടുത്ത് അന്താരാഷ്ട്ര ഫാഷന്‍ വസ്ത്രങ്ങളുടെ ഒരു സംരംഭം തുടങ്ങി. നിരവധി പ്രമുഖര്‍ക്ക് ഫാഷന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കി. ഇതിനായി നിരവധിതവണ അന്താരാഷ്ട്ര യാത്രകള്‍ നടത്തി.ഡോളിയുടെ സ്വപ്നങ്ങള്‍ക്കിന്ന് ചിറകുകളുണ്ട്. അവള്‍ ഉയരത്തില്‍ പറക്കുന്ന പക്ഷിയാണിന്ന്. ഡോളി ഇന്നും മെലിഞ്ഞുതന്നെ. ശരീരം മാറിയില്ലെങ്കിലും മനോഭാവങ്ങള്‍ ഏറെ ശുഭകരമായി. ആരോടും വെറുപ്പില്ല. താന്‍ എങ്ങനെയാണോ അതിനെ ആസ്വദിക്കാനും സന്തോഷിക്കാനും പഠിച്ചു

ഡോളി പറയുന്നു ‘ ഒരിക്കല്‍ മെട്രോയില്‍ രണ്ട് പെണ്‍കുട്ടികള്‍ എന്നെ ‘വൃത്തികെട്ടവള്‍’ എന്ന് വിളിക്കുന്നത് ഞാന്‍ കേട്ടു, പക്ഷേ ഞാന്‍ പോകുമ്പോള്‍ മറ്റൊരു പെണ്‍കുട്ടി വന്ന് എന്നോട് ഒരു സെല്‍ഫി ചോദിച്ചു. എല്ലായ്‌പ്പോഴും എതിര്‍ക്കുന്നവരും വെറുക്കുന്നവരും ഉണ്ടാകും, പക്ഷേ ഞാന്‍ പോസിറ്റീവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു; ഇന്ന് ഞാന്‍ എവിടെയാണോ അവിടെയെത്താന്‍ എന്നെ അനുവദിച്ചത് ജീവിതത്തോടുള്ള ഈ കാഴ്ചപ്പാടായിരുന്നു. എന്റെ വളഞ്ഞ പല്ലുകളും മെലിഞ്ഞ ശരീരവും എന്നെ ഏറ്റവും മികച്ച ലോകത്തിലാണ് എത്തിച്ചത്’ ജീവിതത്തെ പോസറ്റീവായി സമീപിച്ചാല്‍ നമുക്കും വിജയങ്ങള്‍ കണ്ടെത്താം. നാം എങ്ങനെയാണോ അങ്ങനെത്തന്നെ ഉള്‍കൊള്ളാന്‍ കഴിയുന്നവരാണ് നമ്മുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍.

Exit mobile version