ജയ്പൂരില്‍ കൊവിഡ് ബാധിതര്‍ക്ക് എച്ച്‌ഐവി ചികിത്സയ്ക്കുള്ള മരുന്ന് നല്‍കി; ഒരാള്‍ രോഗമുക്തമായി, ഒരാള്‍ സുഖപ്പെടുന്നു; സംഭവത്തില്‍ വിശദീകരണം നല്‍കി ആരോഗ്യ മന്ത്രാലയവും

ന്യൂഡല്‍ഹി: കൊറോണ ബാധിതര്‍ക്ക് എച്ച്‌ഐവി ചികിത്സയ്ക്കുള്ള മരുന്ന് നല്‍കിയതില്‍ വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം. ഇറ്റാലിയന്‍ ദമ്പതികള്‍ക്കാണ് കൊവിഡ് ബാധയുണ്ടായപ്പോള്‍ ജയ്പൂരില്‍ എച്ച്‌ഐവി ചികിത്സയ്ക്കുള്ള മരുന്ന് നല്‍കിയത്. രോഗികളുടെ പൂര്‍ണസമ്മതം വാങ്ങിയിരുന്നു, പരീക്ഷണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) പറയുന്നു.

മരുന്ന് നല്‍കിയതിന് പിന്നാലെ ദമ്പതികളില്‍ ഭാര്യ ഒരാഴ്ച കൊണ്ടു കോവിഡ് മുക്തയായി, ഭര്‍ത്താവും സുഖപ്പെട്ടുവരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും കൂടുതല്‍ വ്യാപകമായി പരീക്ഷിച്ചു തെളിയിക്കപ്പെടുന്നതുവരെ ഫലപ്രാപ്തി ഉറപ്പു നല്‍കാനാവില്ലെന്ന് ഐസിഎംആറിലെ പകര്‍ച്ചവ്യാധി ചികിത്സാവിഭാഗം മേധാവി ഡോ. രാമന്‍ ആര്‍. ഗംഗാഖേദ്കര്‍ വ്യക്തമാക്കി.

ഇറ്റലിയില്‍ നിന്നു ടൂറിസ്റ്റുകളായെത്തിയ അറുപത്തിയൊന്‍പതുകാരനും ഭാര്യയ്ക്കും സവായ് മാന്‍ സിങ് ആശുപത്രിയിലാണ് എച്ച്‌ഐവി ബാധിതര്‍ക്കു നല്‍കാറുള്ള ലോപിനാവിര്‍, റിറ്റോനാവിര്‍ മരുന്നുകള്‍ ചേര്‍ത്തുനല്‍കിയത്. ഇതിനു പുറമെ മലമ്പനി, എച്ച്1എന്‍1 എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കും നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ശ്വാസംമുട്ടലോടെ അതീവഗുരുതര നിലയിലായിരുന്നു ഭര്‍ത്താവ്. ഭാര്യയും ശ്വാസകോശ രോഗിയാണ്. മരുന്ന് നല്‍കിയതിന് പാര്‍ശ്വ ഫലങ്ങളുണ്ടായിട്ടില്ല. ഇന്ത്യന്‍ ഡോക്ടര്‍മാര്‍ എച്ച്‌ഐവി ചികിത്സയില്‍ പരിചയസമ്പന്നരാണെന്നു ഡോ. ഗംഗാഖേദ്കര്‍ കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ 199 രോഗികളില്‍ ഇത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

അതിന്റെ ഫലം വന്നാല്‍ ഈ ചികിത്സാമാര്‍ഗത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 2 മരുന്നുകളും ഇന്ത്യയില്‍ ആവശ്യത്തിനു സ്റ്റോക്കുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. സാര്‍സ്, മെര്‍സ് രോഗങ്ങള്‍ പടര്‍ന്നപ്പോള്‍ മൃഗങ്ങളിലും ഏതാനും രോഗികളിലും ഇതു വിജയകരമായി പരീക്ഷിച്ചതാണെന്ന് ഐസിഎംആര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടര്‍ ഡോ. മനോജ് മുര്‍ഹേക്കറും വ്യക്തമാക്കി. മരുന്ന് വിജയകരമായാല്‍ കൊറോണ വൈറസില്‍ നിന്നും പൂര്‍ണ്ണമായി മുക്തമാകാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Exit mobile version