രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകനും ദളിത് നേതാവുമായിരുന്ന കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നോയിഡയിലാണ് പാര്‍ട്ടി പ്രഖ്യാപനം നടന്നത്.

കാന്‍ഷി റാം മുന്നോട്ട് വച്ച ദൗത്യം പൂര്‍ത്തിയാക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിക്കാനായി വരും ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഭീം ആര്‍മി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (ബിഎഎസ്എഫ്) എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ഭീം ആര്‍മി നേരത്തെ രൂപം നല്‍കിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി രൂപീരണത്തിന് ശേഷം, സാമൂഹ്യ – സാംസ്‌കാരിക സംഘടനയായി ഭീം ആര്‍മി മാറുമെന്നും സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. ദളിത്, മുസ്ലിം, പിന്നാക്ക വിഭാഗക്കാരോട് പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഭീം ആര്‍മി അഭ്യര്‍ഥിച്ചിട്ടുണ്ട്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് പ്രഖ്യാപനം.

കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് പ്രഖ്യാപന സമ്മേളനത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പരിപാടി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

Exit mobile version