കൊവിഡ് 19; ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം നൂറായി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം നൂറായി. പൂണെയില്‍ മാത്രം ഇപ്പോള്‍ പതിനഞ്ച് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുപ്പത്തൊന്ന് പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കൊവിഡ് 19 നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താനിലേക്കും തിരികെയുമുള്ള കര അതിര്‍ത്തികവാടങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് അടയ്ക്കുന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്. ഇതിനു പുറമെ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള കര അതിര്‍ത്തി കവാടങ്ങളില്‍ ഇന്ന് അര്‍ധരാത്രിയോടെ അടയ്ക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവില്‍ അതിര്‍ത്തിക്ക് ഇപ്പുറത്ത് ഉള്ളവര്‍ ഇന്ന് വൈകീട്ടോടെ തിരികെപ്പോകണമെന്നും അറിയിച്ചിട്ടുണ്ട്.

നേരത്തേ ബംഗ്ലാദേശില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിലുള്ള രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. മൈത്രി എക്സ്പ്രസ്, ബന്ധന്‍ എക്സ്പ്രസ് എന്നിവയാണ് അടുത്ത മാസം പതിനഞ്ചാം തീയതി വരെ റദ്ദാക്കിയിരിക്കുന്നത്.

Exit mobile version