കടലിന്റെ മക്കളെ ചതിച്ച് വി മുരളീധരന്‍; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എംബസി തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി; വി മുരളീധരന്റെ വാദം പൊളിഞ്ഞു

ടെഹ്‌റാന്‍: കടലിന്റെ മക്കളെ പറഞ്ഞ് പറ്റിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള മത്സ്യതൊഴിലാളികളെ സഹായിക്കാന്‍ ഇടപെട്ടെന്ന വിദേശകാര്യസഹമന്ത്രിയുടെ വാദം പൊളിഞ്ഞു. ഇറാനിലെ ഇന്ത്യന്‍ എംബസി തിരിഞ്ഞു നോക്കിയിട്ടില്ലെന്നും, ഇതുവരെയും വൈദ്യസഹായം കിട്ടിയില്ലെന്നും കിഷ് ദ്വീപില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ പരാതിപ്പെട്ടു.

ഇന്ത്യന്‍ എംബസിയില്‍ നിന്ന് സഹായങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പുതിയ വീഡിയോ സന്ദേശത്തിലാണ് കിഷ് ദ്വീപില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ പരാതിപ്പെടുന്നത്. സ്‌പോണ്‌സര്‍മാരുടെ പീഡനം തുടരുകയാണെന്ന് അസൂരില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളും വ്യക്തമാക്കി.

ഭക്ഷണം നല്‍കാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ്. കുടിക്കാന്‍ വെള്ളമില്ല, കുറച്ച് ബിസ്‌കറ്റ് തൊഴിലുടമയെ ഏല്‍പ്പിച്ച് എംബസി ഉദ്യോഗസ്ഥര്‍ മടങ്ങിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയിട്ടില്ലെന്നും വിസയുടെ ബാക്കി തുക നല്‍കാതെ തിരിച്ചയ്ക്കില്ലെന്നാണ് സ്‌പോണ്‍സര്‍മാര്‍ പറയുന്നതെന്നും വീഡിയോയില്‍ മത്സ്യ തൊഴിലാളികള്‍ പറയുന്നു. ഒരു മലയാളി ഉള്‍പ്പടെ 340 പേരാണ് കിഷ് ദ്വീപില്‍ കുടുങ്ങിയിരിക്കുന്നത്.

ഭക്ഷണം പോലും നല്‍കാതെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിക്കുകയാണെന്നാണ് അസൂരില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ വ്യക്തമാക്കുന്നത്. വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്കയ്ക്കില്ലെന്ന സ്‌പോണ്‍സര്‍മാരുടെ ഭീഷണി ഇപ്പോഴും തുടരുകയാണെന്നും ഇവര്‍ പറയുന്നു. ഇവിടെ കുടുങ്ങിയ 23 മത്സ്യതൊഴിലാളികളില്‍ 17 പേര്‍ മലയാളികളാണ്.

കിഷ്ദ്വീപിലും, അസൂരിലുമായി കുടുങ്ങിയ മത്സ്യ തൊഴിലാളികളുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരെല്ലാം നല്ല ആരോഗ്യത്തിലാണെന്നും അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നും മൂന്ന് ദിവസം മുന്‍പ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററില്‍ അവകാശപ്പെട്ടിരുന്നു. പുനെ വൈറോളജി ഇന്സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിച്ച് ആരോഗ്യനില തൃപ്തികരമെന്ന് കണ്ടാല്‍ മത്സ്യ തൊഴിലാളികളെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Exit mobile version