മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധ വരാതിരിക്കാന്‍ സഹായിക്കുമോ?; വിശദീകരിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: മദ്യം, കോവിഡ്-19 വൈറസിനെ തടയും എന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി ലോകാരോഗ്യ സംഘടന. മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ സഹായിക്കില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മാത്രമല്ല ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനുള്ളില്‍ കയറിപ്പറ്റിയിട്ടുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ ചെയ്യുന്നത് മനുഷ്യന്റെ കണ്ണ്, വായ തുടങ്ങിയ അവയവങ്ങളെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഏതെങ്കിലും പ്രതലത്തെ അണുവിമുക്തമാക്കുന്നതിന് ആല്‍കഹോളും ക്ലോറിനും ഉപയോഗപ്രദമാണ്. പക്ഷെ അവ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം ഉപയോഗിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ആല്‍കഹോള്‍ അടങ്ങിയിട്ടുള്ള അണുനാശിനികള്‍ കൈകളില്‍ പുരട്ടുക, സോപ്പ്, വെള്ളം ഇവയുപയോഗിച്ച കൈകള്‍ ഇടയ്ക്കിടെ കഴുകുക എന്നിവയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രധാനമായും ചെയ്യേണ്ടതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചുടുവെള്ളത്തില്‍ കുളിക്കുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ സഹായിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മദ്യം ഉപയോഗത്തിന്റെ അളവ് ഗണ്യമായി ഉയരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നത്.

Exit mobile version