രാമക്ഷേത്ര നിര്‍മ്മാണം; ബിജെപിയില്‍ പൊട്ടിത്തെറി! വിഷയത്തില്‍ ശിവസേനയുടെ പ്രവര്‍ത്തി അനുകൂലിക്കുന്നു; രാമക്ഷേത്രം ബിജെപിയുടെ മാത്രം പേറ്റന്റല്ല; കേന്ദ്ര മന്ത്രി ഉമാ ഭാരതി

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് റാലി നടത്തിയ ശിവസേന നേതാവ് ഉദ്ദവ് താക്കറെയെ അഭിനന്ദിച്ച് ബിജെപി കേന്ദ്രമന്ത്രി ഉമാ ഭാരതി.

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍ പ്രശംസിക്കുന്നു. രാമക്ഷേത്രത്തില്‍ ബിജെപിക്ക് മാത്രമായി പേറ്റന്റില്ല. രാമന്‍ എല്ലാവരുടേതുമാണ്. എസ്പിയും ബിഎസ്പിയും അകാലിദളും ഒവൈസിയും അസംഖാനും അങ്ങനെ എല്ലാവരും രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണയ്ക്കണമെന്നും ഉമാ ഭാരതി പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് ശിവസേന അയോധ്യയില്‍ നടത്തുന്ന റാലിയെ എതിര്‍ത്ത് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്ത് വന്നപ്പോഴാണ് ഉമാ ഭാരതി ശിവസേനയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണ പ്രക്ഷോഭത്തില്‍ ശിവസേനയ്ക്ക് ഒരു പങ്കുമില്ല എന്നായിരുന്നു കേശവ് പ്രസാദ് മൗര്യയുടെ നിലപാട്.

ഹിന്ദുക്കളുടെ ക്ഷമ നശിച്ചിരിക്കുകയാണ്. എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണമെന്നായിരുന്നു ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത്. രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വാദ്ധാനം നല്‍കി അധികാരത്തില്‍ എത്തിയ ബിജെപി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിക്കുകയാണ്.ഇനിയും പണിതില്ല എങ്കില്‍ അടുത്ത തവണ ബിജെപി അധികാരത്തില്‍ കാണില്ല. സര്‍ക്കാര്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശിവസേന അത് പണിയുമെന്നും താക്കറെ പറഞ്ഞിരുന്നു.

Exit mobile version