ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു; ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഡിഎംകെ

കരുണാനിധിയുടെ ഗുരുസ്ഥാനീയനായിരുന്നു അന്‍പഴകന്‍.

ചെന്നൈ: ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു. സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം. 97 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. അന്‍പഴകന്റെ വിയോഗത്തെ തുടര്‍ന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

കരുണാനിധിയുടെ ഗുരുസ്ഥാനീയനായിരുന്നു അന്‍പഴകന്‍. കഴിഞ്ഞ 43 വര്‍ഷമായി ഡിഎംകെ ജനറല്‍ സെക്രട്ടറിയാണ്. തമിഴ്‌നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, രണ്ട് തവണ വിദ്യാഭ്യാസ മന്ത്രി, എട്ട് തവണ തുടര്‍ച്ചയായി എംഎല്‍എ തുടങ്ങിയ പദവികള്‍ അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നില്ല. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ കീഴ്പാകത്തെ വസതിയിലും അണ്ണാ അറിവാലയത്തിലും പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 4 മണിക്ക് സംസ്‌കാര ചടങ്ങ് നടത്തും.

Exit mobile version