‘രാജ്യത്ത് ആളിക്കത്തുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മോഡിയുടെ തന്ത്രം’; സമൂഹ മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാജ്യത്ത് ആളിക്കത്തുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു വിമര്‍ശനം.

”രാജ്യത്ത് ആളിക്കത്തുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള മോഡിജിയുടെ അടവാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള മാറി നില്‍ക്കല്‍, ”ചൗധരി ട്വീറ്റ് ചെയ്തു. നേരത്തെ രാഹുല്‍ ഗാന്ധിയും മോഡിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ഞായറാഴ്ചയാണ് തന്റെ സാമൂഹിക മാധ്യമങ്ങള്‍ ഒഴിവാക്കുമെന്ന് നരേന്ദ്ര മോഡി അറിയിച്ചത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

അതിനിടെ വിഷയത്തില്‍ വിശദീകരണവുമായി മോഡി രംഗത്ത് എത്തി. പ്രചോദനമാകുന്ന സ്ത്രീകള്‍ക്കായി വനിതാ ദിനത്തില്‍ തന്റെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ കൈമാറുകയാണെന്ന് നരേന്ദ്രമോഡി പ്രഖ്യാപിച്ചു. ”ഈ വനിതാ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. സ്വജീവിതത്തിലൂടെ അനേകര്‍ക്ക് പ്രചോദനമായ സ്ത്രീകള്‍ക്കായി അക്കൗണ്ടുകള്‍ കൈമാറും. ഇത് അവര്‍ക്ക് വലിയ പ്രചോദനം നല്‍കാന്‍ സഹായകമാകും”, എന്നായിരുന്നു മോഡി ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version