ഉദംപൂരിലെ 11 കുട്ടികളുടെ ജീവന്‍ എടുത്തത് ചുമയുടെ മരുന്ന്…? ഞെട്ടിച്ച് പുതിയ റിപ്പോര്‍ട്ട്, ഇതുവരെ വിറ്റുപോയത് 3,400 കുപ്പി!

കഫ് സിറപ്പിന്റെ ഒരു കുപ്പിയില്‍ 60 മില്ലി ലിറ്റര്‍ മരുന്നാണുള്ളത്.

ഷിംല: ജമ്മുകാശ്മീരിലെ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലെ 11 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ചുമയുടടെ കഫ് സിറപ്പെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ColdBest-PC എന്ന മരുന്നാണ് ജീവന്‍ എടുത്തതെന്നാണ് വിവരം. ഇതിനോടകം 3,400ലേറെ കുപ്പികള്‍ വിറ്റുപോയിട്ടുണ്ട്. 2019 സെപ്റ്റംബര്‍ മുതല്‍ 2020 ജനുവരി വിറ്റു പോയ കുപ്പികളുടെ മാത്രം കണക്കാണിത്.

കഫ് സിറപ്പിന്റെ ഒരു കുപ്പിയില്‍ 60 മില്ലി ലിറ്റര്‍ മരുന്നാണുള്ളത്. ഒരു തവണത്തെ ഡോസില്‍ 5-6 മില്ലി മരുന്ന് അകത്ത് ചെല്ലുകയാണെങ്കില്‍ 10-12 ഡോസാകുമ്പോള്‍ രോഗി മരിക്കാനിടയാക്കുമെന്ന് ഹിമാചല്‍ പ്രദേശ് ഡ്രഗ് കണ്‍ട്രോളര്‍ നവ്നീത് മാര്‍വ പറയന്നു. ദ ഇന്ത്യന്‍ എക്‌സപ്രസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ വില്‍പനരസീതുകളുടെ അടിസ്ഥാനത്തില്‍ മരുന്ന് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണ്.

ഹിമാചല്‍ പ്രദേശ് ആസ്ഥാനമായ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയാണ് കഫ് സിറപ്പ് വിപണിയിലെത്തിച്ചത്. ജമ്മു-കാശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, മേഘാലയ, ത്രിപുര എന്നിവടങ്ങളിലായി 5,500 കുപ്പികള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വിപണിയിലെത്തിച്ചിരുന്നു. ഡിസംബറിനും ജനുവരിക്കുമിടയില്‍ മരുന്ന് കഴിച്ച 17 കുട്ടികള്‍ക്ക് അസ്വസ്ഥകളുണ്ടായി. ഇവരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 11 കുട്ടികളാണ് മരിച്ചത്. വൃക്കസ്തംഭനത്തെ തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചത്. ചുമയ്ക്ക് നല്‍കിയ മരുന്നാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. മരുന്നില്‍ ഡൈഥലിന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

വിറ്റുപോയ മരുന്നുകുപ്പികളില്‍ 1,500 എണ്ണം മാര്‍ക്കറ്റില്‍ നിന്ന് തിരികെ ലഭിച്ചതായി നവ്നീത് മാര്‍വ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരുന്ന് നിര്‍മ്മാണ കമ്പനിയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കുട്ടികളുടെ മരണകാരണം ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയുടെ മരുന്നാണെന്ന് തെളിഞ്ഞാല്‍ കമ്പനിയ്ക്ക് ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരും.

Exit mobile version