ഡല്‍ഹി കത്തിയെരിയുന്നതിനിടയില്‍ ഹായ് ചായയും നമസ്‌തേ ട്രംപും; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ഇല്‍ത്തിജ മുഫ്തി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനം നടക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം. കരുതല്‍ തടങ്കലില്‍ കഴിയുന്ന മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഇല്‍ത്തിജയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തെ കുറിച്ചും ഡല്‍ഹിയിലെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെക്കുറിച്ചും കാശ്മീരിലെ അവകാശങ്ങളെക്കുറിച്ചും ഇല്‍ത്തിജ ട്വീറ്റ് ചെയ്തു.

ഡല്‍ഹി കത്തിയെരിയുകയും കശ്മീരില്‍ എണ്‍പത് ലക്ഷം പേരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനിടയില്‍ ഹായ് ചായയും നമസ്‌തേ ട്രംപും. സബര്‍മതി ആശ്രമത്തിലേക്ക് പ്രമുഖരായ വിദേശികള്‍ വരുമ്പോഴാണ് മഹാത്മാ ഗാന്ധിയുടെ പൈതൃകം ഓര്‍മ്മിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ മറന്നുപോകുന്നു. ” ഇല്‍ത്തിജ ട്വീറ്റ് ചെയ്തു. മെഹ്ബൂബ മുഫ്തി കരുതല്‍ തടങ്കലിലായതോടെ ഇല്‍ത്തിജ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഓഗസ്റ്റ് അഞ്ചിന് എടുത്തുകളഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കളെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്.

Exit mobile version