വിവാഹ ക്ഷണക്കത്തില്‍ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; പുതിയ വഴിയില്‍ അമ്പരന്ന് അധികൃതര്‍, പിടിച്ചെടുത്തത് 43 കത്തുകള്‍

ഏപ്രില്‍ 30ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റേതായിരുന്നു ക്ഷണക്കത്തുകള്‍.

ബംഗളൂരു: നിരവധി പേരാണ് മയക്കുമരുന്നും സ്വര്‍ണ്ണവും മറ്റും വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിക്കുന്നത്. പലവിധത്തിലാണ് കടത്താനുള്ള ശ്രമം നടത്തുന്നത്. ഇപ്പോള്‍ മയക്കുമരുന്ന് കടത്തിയ പുതിയ വഴി കണ്ട് അമ്പരന്നിരിക്കുകയാണ് അധികൃതര്‍. വിവാഹക്ഷണക്കത്തില്‍ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമം നടത്തിത്. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മയക്കുമരുന്ന് വിവാഹക്ഷണക്കത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

എയര്‍ കാര്‍ഗോ വഴി ഓസ്ട്രേലിയയിലേക്ക് അയക്കാന്‍ എത്തിച്ച 43 വിവാഹക്ഷണക്കത്തുകളില്‍നിന്നാണ് അധികൃതര്‍ മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് അഞ്ചുകോടി രൂപ വില വരുമെന്നാണ് ലഭിക്കുന്ന വിവരം. ഏപ്രില്‍ 30ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റേതായിരുന്നു ക്ഷണക്കത്തുകള്‍. എന്നാല്‍ ഈ വിവാഹം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

വസ്ത്രങ്ങളും വിവാഹക്ഷണക്കത്തുകളും അടങ്ങിയ വലിയ പാക്കറ്റാണ് എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ എത്തിയത്. ക്ഷണക്കത്തിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇത് തുറന്നുപരിശോധിക്കുകയായിരുന്നു. മടക്കിവെയ്ക്കാവുന്ന ക്ഷണക്കത്തിന്റെ പുറംചട്ടയിലെ പേപ്പറുകള്‍ക്കിടയിലാണ് പ്ലാസ്റ്റിക് കവറില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന് അഞ്ച് കിലോ തൂക്കം വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version