ആര്‍ത്തവ ദിനങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ തെരുവ് പട്ടികളായി ജനിക്കും; വിവാദ പരാമര്‍ശവുമായി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി

ഭുജ്: ആര്‍ത്തവ ദിനങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ തെരുവ് പട്ടികളായി ജനിക്കുമെന്ന വിവാദ പ്രസ്താവന നടത്തി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. ഭൂജ് രാത്രി സഭയില്‍ സംസാരിക്കവേ ആയിരുന്നു കൃഷ്ണ സ്വരൂപിന്റെ വിവാദ പ്രസ്താവന.

ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷന്മാര്‍ അടുത്ത ജന്മം കാളയായി ജനിക്കുമെന്നും കൃഷ്ണ സ്വരൂപ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് നടത്തിയ പ്രസംഗത്തിലാണ് സ്വാമി കൃഷ്ണ സ്വരൂപ് ഇക്കാര്യം പറഞ്ഞത്. നാരായണ്‍ ഭുജ് മന്ദിറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമൂരി ആര്‍ത്തവ പരിശോധന നടത്തിയ സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് സ്വാമിയുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ പ്രചരിക്കുന്നത്.

താന്‍ പറയുന്നതിനേക്കുറിച്ച് നിങ്ങള്‍ക്ക് എന്തും കരുതാം. ഇതെല്ലാം ആത്മീയ ഗ്രന്ഥങ്ങളില്‍ വിശദമാക്കുന്നതാണെന്നും സ്വാമികൃഷ്ണസ്വരൂപ് പറയുന്നു. പത്ത് വര്‍ഷത്തില്‍ ആദ്യമായാണ് താന്‍ ഇക്കാര്യം വിശ്വാസികളോട് പറയുന്നത്. തന്നോട് ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിക്കാന്‍ ആത്മീയ ഗുരുക്കന്മാരാണ് നിര്‍ദേശം നല്‍കിയത്. ഇതെല്ലാം നമ്മുടെ മതത്തിന്റെ രഹസ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. എന്നാല്‍ ഇവ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് അറിയാം. – കൃഷ്ണസ്വരൂപ് ദാസ്ജി പ്രസംഗത്തില്‍ പറയുന്നു.

സ്ത്രീ ഇത്തരം വിഷയങ്ങളെക്കുറിച്ച് അറിവില്ലാതെയാണ് ആര്‍ത്തവ ദിനങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്നത്. ആ മൂന്ന് ദിവസങ്ങള്‍ സൗന്ദര്യാത്മകമായി പാലിക്കേണ്ടതാണ്. ഇതിനേക്കുറിച്ചും ആത്മീയ ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും കൃഷ്ണ സ്വരൂപ് പറഞ്ഞു. പുരുഷന്മാര്‍ ഭക്ഷണമുണ്ടാക്കാന്‍ പഠിക്കേണ്ടത് മതത്തിന്റെ രഹസ്യങ്ങള്‍ പാലിക്കാന്‍ ആവശ്യമാണ്. അതിനാല്‍ തന്നെ വിവാഹിതനാവുന്നതിന് മുന്‍പ് ഭക്ഷണമുണ്ടാക്കാന്‍ പഠിച്ചിരിക്കണമെന്നും കൃഷ്ണസ്വരൂപ് ദാസ്ജി പറയുന്നുണ്ട്.

Exit mobile version