മതിലിന് പിന്നാലെ ചേരി ഒഴിപ്പിക്കലും; ട്രംപിനെ ‘സുഖിപ്പിക്കാനായി’ ഗുജറാത്തില്‍ ക്രൂരത

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മതില്‍ നിര്‍മ്മിക്കുന്നത് വിവാദമായതിന് പിന്നാലെ ഗുജറാത്തിലെ ചേരികള്‍ പൂര്‍ണമായും ഒഴിപ്പിക്കാന്‍ ശ്രമം. മൊട്ടേര സ്റ്റേഡിയത്തിനു സമീപത്തു താമസിച്ചിരുന്ന 45 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാന്‍ അഹമ്മദാബാദ് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി.

രണ്ടു പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന 45 കുടുംബങ്ങളിലെ 200 പേരാണു കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. ഇവര്‍ രജിസ്റ്റര്‍ ചെയ്ത നിര്‍മാണ തൊഴിലാളികളാണ്. ഇവിടുത്തെ തന്നെ ദേവ് സരണ്‍ ചേരി മറയ്ക്കുന്നതിനായി അഹമ്മദാബാദ് ഭരണകൂടം വഴികള്‍ മതില്‍കെട്ടി മറയ്ക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണു ചേരിയില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ വാര്‍ത്തകളും പുറത്തുവരുന്നത്.

അതെസമയം ട്രംപും-മോദിയും പങ്കെടുക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയുമായി ഇതിന് ബന്ധമില്ലെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. അതിനിടെ, മതിലിന്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ മാസം 24-നാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം അഹമ്മദാബാദ് സന്ദര്‍ശിക്കുന്നത്

Exit mobile version