കൊറോണ വൈറസ്; ചൈനയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ, മെഡിക്കല്‍ സാമഗ്രികള്‍ അയയ്ക്കും

വൈറസിനെ തുരത്താന്‍ ചൈനയിലെ ജനങ്ങള്‍ക്ക് ധൈര്യമുണ്ടാകട്ടെയെന്നും അദ്ദേഹം പറയുന്നു.

ന്യൂഡല്‍ഹി: കൊറോണ വൈറസ് തകര്‍ത്തെറിഞ്ഞ ചൈനയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. വൈറസിനെ നേരിടാനായി ഇന്ത്യ ചൈനയിലേയ്ക്ക് ഉടന്‍ മെഡിക്കല്‍ സാമഗ്രികള്‍ അയക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്‌റി പറയുന്നു.

സഹായത്തിന് പുറമെ, വൈറസിനെതിരെ പൊരുതികൊണ്ടിരിക്കുന്ന ചൈനയിലെ ജനങ്ങള്‍ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. വൈറസിനെ തുരത്താന്‍ ചൈനയിലെ ജനങ്ങള്‍ക്ക് ധൈര്യമുണ്ടാകട്ടെയെന്നും അദ്ദേഹം പറയുന്നു. വൈകാതെ വൈറസ് ബാധയെ കീഴടക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച ചൈനീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മിസ്റി ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയ്ക്ക് ആവശ്യമായ സഹായങ്ങളുടെ വിശദാംശങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് പൂര്‍ത്തിയായാല്‍ സാധനങ്ങള്‍ ഉടന്‍ തന്നെ അയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ മാസ്‌കുകള്‍, കയ്യുറകള്‍, സ്യൂട്ടുകള്‍ എന്നിവ ആവശ്യമാണെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവയ്ക്ക് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ആവശ്യകത കൂടിയതോടെ ചൈനയില്‍ മാസ്‌കുകള്‍ കിട്ടാതായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ സഹായം നല്‍കുന്നത്.

Exit mobile version