പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തു; ഗായകന്‍ ഇമ്രാന് ഒരു കോടി രൂപ പിഴ, പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള യുപി സര്‍ക്കാരിന്റെ പുതിയ തന്ത്രമെന്ന് ഇമ്രാന്‍

നിലനില്‍പ്പിനുവേണ്ടിയുള്ള ഈ സമരത്തില്‍നിന്നും തങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊറാദാബാദ്: പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവും ഗായകനുമായ ഇമ്രാന്‍ പ്രതാപ്ഗര്‍ഹിക്ക് ഒരു കോടി രൂപ പിഴയിട്ട് ജില്ല ഭരണകൂടം. പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള യുപി സര്‍ക്കാരിന്റെ പുതിയ തന്ത്രമാണിതെന്ന് ഇമ്രാന്‍ സംഭവത്തോട് പ്രതികരിച്ചു. എന്നാല്‍ നിലനില്‍പ്പിനുവേണ്ടിയുള്ള ഈ സമരത്തില്‍നിന്നും തങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഇമ്രാന്‍ മൊറാദാബാദിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ഗാനം ആലപിക്കുകയും ചെയ്തിരുന്നു. പിന്നാലെ അഡീഷണല്‍ സിറ്റി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചു. പ്രതിഷേധം നടത്തിയ ഈദ്ഗാഹില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെന്നും ഇത് അവഗണിച്ചെന്നുമാണ് ഇമ്രാനെതിരെ ചുമത്തിയിരിക്കുന്ന കേസ്. കോടതിയുടെ മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം ഇമ്രാന്‍ ചെവിക്കൊണ്ടിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹത്തിന് മേല്‍ ഭീമമായ തുക പിഴ ചുമത്തിയിരിക്കുന്നത്.

എന്നാല്‍, പ്രതിഷേധം നടന്ന ഈദ്ഗാഹ് സ്വകാര്യ സ്ഥലമാണെന്നും അതിനാല്‍ നിരോധനാജ്ഞാ നിര്‍ദ്ദേശം നിലനില്‍ക്കില്ലെന്നും പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു. പ്രകടനത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ലെന്നും അതുകൊണ്ട് പ്രകടനം നിയമവിരുദ്ധമാണെന്നുമാണ് അധികൃതരുടെ വിശദീകരണം. പ്രതിഷേധസ്ഥലത്ത് പോലീസിനെയും അര്‍ധസൈനികരെയും വിന്യസിപ്പിക്കുന്നതിനുള്ള ദൈനംദിന ചെലവിന്റെ അടിസ്ഥാനത്തിലാണ് പിഴ കണക്കാക്കിയിരിക്കുന്നതെന്ന് മൊറാദാബാദ് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് സിങ് പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് സുരക്ഷാ ജീവനക്കാരെ വിന്യസിപ്പിക്കുന്നതിന് ഒരു ദിവസം 13.42 ലക്ഷം ചെലവാകുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Exit mobile version