കരുത്തോടെ അരവിന്ദ് കെജരിവാള്‍; ആം ആദ്മി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

കെജരിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കി അധികാരത്തിലെത്തിയ ആംആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ഇന്ന്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലാണ് ആംആദ്മി പാര്‍ട്ടി മൂന്നാം തവണ അധികാരമേല്‍ക്കുന്നത്. രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലയിലെ സാധാരണക്കാരുടെ പ്രതിനിധികളാണ് മുഖ്യാതിഥികള്‍.

കെജരിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മനീഷ് സിസോദിയ, സത്യേന്ദിര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗഗം എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാം ലീലയിലെ വേദിയില്‍ കെജരിവാളിനൊപ്പം ഡല്‍ഹിയുടെ എല്ലാ മേഖലകളെയും പ്രതിനിധീകരിച്ച് അമ്പത് പേരുണ്ടാവും. അതില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നിര്‍മാണ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ എല്ലാ മേഖലയുടെയും പ്രതിനിധികളുണ്ടാകും.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ ഡല്‍ഹിക്ക് പുറത്തുള്ള നേതാക്കളെയോ ക്ഷണിച്ചിട്ടില്ല. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കള്‍ ചടങ്ങിനെത്തിയേക്കുമെന്നാണ് വിവരം. ഇന്നലെ കെജരിവാള്‍ നിയുക്ത മന്ത്രിമാര്‍ക്ക് അത്താഴ വിരുന്ന് നല്‍കിയിരുന്നു.

Exit mobile version