മണിക്കൂറില്‍ 222 കിലോമീറ്റര്‍ വേഗത്തില്‍ പറന്നുയരുന്നതിനിടെ റണ്‍വേയില്‍ ജീപ്പും ഒരാളും; അപകടം വഴിമാറിയത് തലനാരിഴയ്ക്ക്

പൈലറ്റ് വിമാനം അടിയന്തരമായി ടേക്കോഫ് ചെയ്തു.

പുനെ: മണിക്കൂറില്‍ 222 കിലോമീറ്റര്‍ വേഗത്തില്‍ റണ്‍വേയില്‍ ടേക്കോഫിനെത്തിയ വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പറന്നുയരുന്നതിനിടെ റണ്‍വേയിവല്‍ ജീപ്പും ഒരാളെയും കണ്ടതാണ് അപകടത്തിന് വഴിവെച്ചത്. പൂനെ വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. റണ്‍വേയില്‍ ജീപ്പും ഒരാളും നില്‍ക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇതോടെ പൈലറ്റ് വിമാനം അടിയന്തരമായി ടേക്കോഫ് ചെയ്തു. എയര്‍ബസ് എ-321 വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അപകടം ഒഴിവാക്കാന്‍ പൈലറ്റ് നടത്തിയ ശ്രമത്തിനിടെ വിമാനത്തിന്റെ വാല്‍ ഭാഗം റണ്‍വേയില്‍ ഇടിച്ച് കേടുപാടുകള്‍ സംഭവിച്ചു. പുനെയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നതായി ഡല്‍ഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, വിമാനത്തിന് ഗുരുതര കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് വിമാനത്തിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ പരിശോധനയ്ക്കായി എടുത്തു.

Exit mobile version