പൗരത്വ ഭേദഗതി നിയമ പ്രതിഷേധം; ബിഹാറില്‍ കനയ്യകുമാറിന് നേരെ വീണ്ടും കല്ലേറ്. ആക്രമണം എട്ടാം തവണ!

ചൊവ്വാഴ്ച ഗയയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകവേ ബൈക്കുകളിലെത്തിയ ഒരു സംഘം കനയ്യക്ക് നേരേ കല്ലേറ് നടത്തിയിരുന്നു.

പട്ന: ബിഹാറില്‍ ഇടത് നേതാവ് കനയ്യകുമാറിന് നേരെ വീണ്ടും കല്ലേറ്. ഇത് എട്ടാം തവണയാണ് നേതാവിന് നേരെ ആക്രമണം നടക്കുന്നത്. വെള്ളിയാഴ്ച ബിഹാറിലെ ബുക്‌സറില്‍ നിന്ന് അറയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് നേരെ കല്ലേറുണ്ടായത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ബിഹാറിലുടനീളം പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന വ്യക്തിയാണ് കനയ്യ. ഇതിനു പിന്നാലെയാണ് നേതാവിന് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത്.

ചൊവ്വാഴ്ച ഗയയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകവേ ബൈക്കുകളിലെത്തിയ ഒരു സംഘം കനയ്യക്ക് നേരേ കല്ലേറ് നടത്തിയിരുന്നു. ജനുവരി 30 മുതല്‍ ‘ജന്‍ ഗണ്‍ മന്‍ യാത്ര’ എന്ന പേരില്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിന്റെ പങ്കെടുത്ത് വരുകയാണ് കനയ്യ.

ഇതിനിടെയാണ് കനയ്യയ്ക്ക് നേരേ വിവിധയിടങ്ങില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഫെബ്രുവരി 29ന് പാട്നയില്‍ റാലിയോടെ പ്രചാരണ പരിപാടി അവസാനിപ്പിക്കാനിരിക്കെയാണ് ഇപ്പോള്‍ വീണ്ടും ആക്രമണമുണ്ടായത്.

Exit mobile version