സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഇനി അഞ്ച് പ്രവൃത്തി ദിനം മാത്രം, തൊഴില്‍ സമയം 8 മണിക്കൂറായി ഉയര്‍ത്തും; പുതിയ തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

പുതിയ തീരുമാനം ഫെബ്രുവരി 29 മുതല്‍ പ്രാബല്യത്തില്‍ വരും.

മുംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. ആഴ്ചയില്‍ ഇനി അഞ്ച് ദിവസം മാത്രമാണ് പ്രവൃത്തി ദിനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭ യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം തൊഴില്‍ സമയം ഉയര്‍ത്താനും തീരുമാനമുണ്ട്. നിലവില്‍ ഏഴ് മണിക്കൂര്‍ 15 മിനിറ്റാണ് ജോലി സമയം. ഇതില്‍ നിന്ന് എട്ട് മണിക്കൂര്‍ ആയി ഉയര്‍ത്താനാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്.

പുതിയ തീരുമാനം ഫെബ്രുവരി 29 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് രണ്ടും നാലും ശനിയാഴ്ച്ചകളില്‍ അവധിയാണ്. സംസ്ഥാനത്തെ ഒബിസി, എസ്ഇബിസി, വിജെഎന്‍ടി വകുപ്പുകള്‍ ഇനിമുതല്‍ ബഹുജന്‍ കല്ല്യാണ്‍ വകുപ്പെന്നാണ് അറിയപ്പെടുകയെന്നും യോഗത്തില്‍ തീരുമാനിച്ചു.

22 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. നിലവില്‍ രാജസ്ഥാന്‍, ബിഹാര്‍, പഞ്ചാബ്, ദല്‍ഹി, തമിഴ്നാട് എന്നീസംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസമാണ് പ്രവൃത്തി ദിനം. ഇത് പിന്തുടര്‍ന്നാണ് മഹാരാഷ്ട്രയിലും ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇപ്പോള്‍ ജീവനക്കാര്‍ക്കുള്ള 288 പ്രവൃത്തി ദിനങ്ങള്‍ 264 ആയി വെട്ടിച്ചുരുക്കും.

Exit mobile version