ഇനി വാഹനങ്ങള്‍ റോഡിലെ ട്രാക്ക് തെറ്റിച്ചാല്‍ പിടിവീഴും; അത്തരം വാഹനങ്ങളെ പിടികൂടാന്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍

സൗദിയില്‍ അത്തരം വാഹനങ്ങളെ നിരീക്ഷിച്ച് പിടികൂടാന്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് സൗദി ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു.

റിയാദ്: ഇനി വാഹനങ്ങള്‍ റോഡിലെ ട്രാക്ക് തെറ്റിച്ചാല്‍ ഉടന്‍ പിടിവീഴും. സൗദിയില്‍ അത്തരം വാഹനങ്ങളെ നിരീക്ഷിച്ച് പിടികൂടാന്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് സൗദി ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. ട്രാഫിക് രംഗത്തെ കൂടുതല്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വിപുലപ്പെടുത്തുകയാണെന്നും അതിന്റെ ഭാഗമാണിതെന്നും അധികൃതര്‍ പറഞ്ഞു.

റോഡപകടങ്ങളില്‍ 85 ശതമാനവും മനുഷ്യന്റെ പിഴവുകള്‍ കൊണ്ട് ഉണ്ടാവുന്നതാണ്. ഒന്ന് ശ്രദ്ധവെച്ചാല്‍ നിഷ്പ്രയാസം ഒഴിവാക്കാന്‍ സാധിക്കുന്ന ഈ പിഴവുകള്‍ എന്നാല്‍ വലിയ അപകടങ്ങളാണുണ്ടാക്കുന്നതെന്നും ചിലപ്പോള്‍ ജീവനുകള്‍ പൊലിയാന്‍ തന്നെ അത് കാരണമാകുന്നുവെന്നും ജനറല്‍ ട്രാഫിക് വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസാമി പറഞ്ഞു.

അഞ്ചാമത് അന്താരാഷ്ട്ര ട്രാഫിക് സുരക്ഷ എക്‌സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെയുണ്ടാക്കിയ സാങ്കേതിക സംവിധാനങ്ങള്‍ ഡ്രൈവര്‍മാരുടെ പെരുമാറ്റങ്ങളും ശീലങ്ങളും മാറ്റാനും ഗതാഗതം നിയന്ത്രിതവും വ്യവസ്ഥാപിതവുമാക്കാനും സഹായിച്ചതായും ട്രാഫിക് മേധാവി പറഞ്ഞു.

Exit mobile version