‘ഇന്ത്യ, മൈ വാലന്റൈന്‍’; വാലന്റൈന്‍സ് ദിനത്തില്‍ പൗരത്വ നിയമ ഭേദഗതി പ്രതിഷേധം സംഘടിപ്പിച്ച് 10 നഗരങ്ങള്‍

ഫെബ്രുവരി 14 മുതല്‍ 16 വരെയാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനം.

ന്യൂഡല്‍ഹി: പ്രണയിനികളുടെ ദിനമെന്ന് അറിയപ്പെടുന്ന ഫെബ്രുവരി 14 ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സമരസംഘടനകളുടെ തീരുമാനം.

‘ഇന്ത്യ, മൈ വാലന്റൈന്‍’ എന്നാണ് പ്രതിഷേധത്തിന്റെ പേര്. ഫെബ്രുവരി 14 മുതല്‍ 16 വരെയാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനം.

ബോളിവുഡ് താരമായ സ്വര ഭാസ്‌കര്‍, വിശാല്‍ ദഡ്‌ലാനി, രേഖാ ഭരദ്വാജ് എന്നിവരും നിരവധി സാമൂഹ്യപ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ ആരംഭിക്കുന്ന പ്രതിഷേധ സമരം അവസാനിക്കുന്നത് മുംബൈയിലായിരിക്കും.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നിരവധി പേരാണ് ദിവസങ്ങളായി സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി ഇവിടെ സമരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ദിനമായ ഫെബ്രുവരി എട്ടിന് മൂന്ന് ഘട്ടങ്ങളിലായാണ് സമരക്കാര്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. രാവിലെയും ഉച്ചകഴിഞ്ഞും വൈകുന്നേരവുമായിട്ടാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. പശ്ചിമബംഗാള്‍ തുടങ്ങിയ നിരവധി സംസ്ഥാനങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Exit mobile version