സര്‍ക്കാര്‍ നല്‍കുന്ന കാലിത്തീറ്റ തികയുന്നില്ല; ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായി റൊട്ടി ബാങ്ക് തുറന്ന് സംഘടന

ഉത്തര്‍പ്രദേശിലെ മഹോബയിലാണ് പശുക്കള്‍ക്കായി റൊട്ടി ബാങ്ക് ആരംഭിച്ചിരിക്കുന്നത്.

ലഖ്‌നൗ: സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം തികയുന്നില്ലെന്ന കാരണത്താല്‍ പശുക്കള്‍ക്കായി റൊട്ടി ബാങ്ക് തുറന്ന് ‘സര്‍വധര്‍മ് ഭോജന്‍’ എന്ന സംഘടന. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് പശുക്കള്‍ക്കായി റൊട്ടി ബാങ്ക് ആരംഭിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നല്‍കുന്ന കാലിത്തീറ്റ പശുക്കള്‍ക്ക് തികയാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് സംഘടന മേധാവി ബബ്ല പറഞ്ഞു. വീടുകളില്‍ ബാക്കിവരുന്ന ഭക്ഷണവും ചപ്പാത്തികളും നഗരത്തിലെ പത്തുകേന്ദ്രങ്ങളില്‍ ശേഖരിച്ച് പശുക്കള്‍ക്ക് നല്‍കാനാണ് സംഘടനയുടെ തീരുമാനം. ഈ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷണവസ്തുക്കള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

‘സര്‍ക്കാര്‍ പശുക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ഭക്ഷണം അപര്യാപ്തമാണ്. ഇത്രയേറെ പശുക്കള്‍ക്ക് ഭക്ഷണം എത്തിക്കുക എന്നത് എളുപ്പമല്ല. അതുകൊണ്ട് ഞങ്ങള്‍ ജനങ്ങളുടെ സഹായം തേടി. വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണം നഗരത്തിലെ പത്തുകേന്ദ്രങ്ങളില്‍ അവര്‍ എത്തിക്കുന്നുണ്ട്. എല്ലാവരും ഞങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണം’- ബബ്ല പറഞ്ഞു.

ജനങ്ങള്‍ സഹകരിച്ചാല്‍ നഗരത്തില്‍ ഒരു പശുപോലും വിശന്നിരിക്കേണ്ടി വരില്ലെന്നാണ് അധികൃതരുടെ വാദമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യരെപ്പോലെ തന്നെ പശുക്കള്‍ക്കും മറ്റു ജന്തുക്കള്‍ക്കും ഭക്ഷണം ആവശ്യമാണ്. അവര്‍ മനുഷ്യരെ ശ്രദ്ധിക്കുന്നു എന്നാല്‍, പശുക്കളെ ശ്രദ്ധിക്കാന്‍ ആരുമില്ല. റോഡ് സൈഡില്‍ കിടക്കുന്ന പോളിത്തീന്‍ ബാഗുകള്‍ പശുക്കള്‍ തിന്നുന്നത് സ്ഥിരമായി കാണാറുണ്ടെന്നും അതുകൊണ്ടാണ് അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തീരുമാനിച്ചതെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.

Exit mobile version