രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെയാണ് വിതരണം ചെയ്യുന്നത്; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കനയ്യ കുമാര്‍

രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെയാണ് വിതരണം ചെയ്യുന്നതെന്ന് കനയ്യ കുമാര്‍ പറഞ്ഞു.

ബീഹാര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ യുവനേതാവ് കനയ്യ കുമാര്‍. രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെയാണ് വിതരണം ചെയ്യുന്നതെന്ന് കനയ്യ കുമാര്‍ പറഞ്ഞു.

സാമൂഹ്യപ്രവര്‍ത്തകര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോള്‍ ജമ്മുകാശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ പോലീസ് ഉദ്യോഗസ്ഥനെതിരെ ഇത് ചുമത്തിയിട്ടില്ലെന്നും കനയ്യ കുമാര്‍ ബീഹാറില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ പ്രസാദം നല്‍ക്കുന്നതുപോലെ രാജ്യദ്രോഹക്കുറ്റം സൗജന്യമായി വിതരണം ചെയ്യുകയാണ്. കര്‍ണാടകയിലെ സ്‌കൂളില്‍ നാടകം അവതരിപ്പിച്ചതിന് പോലും കേസെടുത്തിട്ടുണ്ട്. എന്നാല്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടില്ലെന്ന് കനയ്യ പറയുന്നു.

വിദ്വേഷം പരത്തിയും തെറ്റിധരിപ്പിച്ചുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. നിലവിലെ നിയമത്തിന് കീഴില്‍ എല്ലാവര്‍ക്കും പൗരത്വം ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്. ഹിന്ദു മുസ്ലിം എതിര്‍പ്പ് സൃഷ്ടിച്ചാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്നും കനയ്യ ബീഹാറില്‍ പറഞ്ഞു.

Exit mobile version