‘വിശക്കുന്ന വയറിന്റെ വേദന അറിയുന്നവന്‍, കര്‍ഷകരുടെ തേരാളി! ബിരുദാനന്തര ബിരുദധാരി’ പരസ് റാമിന്റെ പണകരുത്തിനോട് ചെങ്കൊടിയേന്തി പോരാട്ടത്തിനൊരുങ്ങി പെമാറാം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശതകോടീശ്വരനായ പരസ് റാം മൊറാദിയയെയാണ് ദരിദ്രരില്‍ ദരിദ്രനായ പെമാറാം നേരിടുന്നത്.

ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏവരും ഉറ്റു നോക്കുന്ന മണ്ഡലമുണ്ട്, രാജസ്ഥാനിലെ ധോക് നിയോജക മണ്ഡലം. എന്തെന്നാല്‍ അവിടെ ഏറ്റുമുട്ടുന്നത് പണത്തില്‍ ആറാടുന്നവനും അന്നന്നത്തെ അന്നത്തിനായി അരവയര്‍ മുറുക്കി കെട്ടി പണിയെടുക്കുന്നവനും തമ്മിലാണ്. അതിനാല്‍ തന്നെ ഏവരുടെയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദരിദ്രനും ധനികനും തമ്മിലുള്ള പോരാട്ടത്തെയാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശതകോടീശ്വരനായ പരസ് റാം മൊറാദിയയെയാണ് ദരിദ്രരില്‍ ദരിദ്രനായ പെമാറാം നേരിടുന്നത്. പരസ് റാമിന്റെ കരുത്ത് പണമാണെങ്കില്‍ പെമാറാം ചെങ്കൊടിയാണ് കരുത്തി. സിപിഎം കര്‍ഷക വിഭാഗമായ കിസാന്‍ സഭയുടെ ശക്തമായ പോരാട്ടത്തിന്റെ ഭാഗമായി 40 ലക്ഷത്തിലധികം കര്‍ഷകരുടെ 50,000 രൂപ വരെയുള്ള കടം എഴുതി തള്ളിച്ചതാണ് പെമാറാമിന്റെ ആത്മവിശ്വാസം.

ബിജെപി സര്‍ക്കാര്‍ കര്‍ഷക സമരത്തിന് വഴങ്ങില്ലെന്നും ചെങ്കൊടി പ്രസ്ഥാനത്തിന് രാജസ്ഥാനിലെ മണ്ണില്‍ സ്ഥാനമില്ലെന്നും പ്രഖ്യാപിച്ചിട്ടും പതിനായിരങ്ങളെ തെരുവിലിറക്കിയ സമരത്തിനു മുന്നില്‍ വസുന്ധര രാജ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നിരുന്നു. ഈ സമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായിരുന്നു കര്‍ഷകനായ പെമാറാം. ഇദ്ദേഹം ബിരുദാനന്തര ബിരുദധാരി കൂടിയാണ്. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം.

ഒരാവശ്യത്തിന് തന്റെ മുന്നില്‍ വരുന്നത് കുട്ടികള്‍ ആണെങ്കിലും അവര്‍ക്കൊപ്പം നില്‍ക്കും. തെരുവോരത്ത് കിടക്കും, ചുട്ടുപൊള്ളുന്ന വെയിലില്‍ എത്ര കിലോമീറ്റര്‍ നടക്കാനും പെമാറിന് മടിയില്ല. 2013ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കാന്‍ പണമില്ലാതിരുന്ന പെമാറിന് സ്വീകരണ യോഗങ്ങളില്‍ പുഷ്പഹാരങ്ങള്‍ക്ക് പകരം നാണയ തുട്ടുകളും നോട്ടുകളും നല്‍കി ഗ്രാമത്തിലെ ജനങ്ങളാണ് സഹായിച്ചിരുന്നത്.

ഇത്തവണയും ജനങ്ങളെ പെമാറാം ഓര്‍മ്മിപ്പിക്കുന്നത് ഇതാണ് ”കമ്മ്യൂണിസ്റ്റുകള്‍ക്ക് ജനസേവനത്തിനും അവകാശ സമരങ്ങള്‍ക്കും അധികാരത്തിന്റെ ആവശ്യമില്ല, എന്നാല്‍ ഒരു സിപിഎം എംഎല്‍എയെങ്കിലും വിധാന്‍ സഭയില്‍ ഉണ്ടെങ്കില്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ ജനദ്രോഹനയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’ ഈ വാക്കുകളാണിപ്പോള്‍ ഗ്രാമവാസികള്‍ നെഞ്ചേറ്റിയിരിക്കുന്നത്.

കര്‍ഷക സമരം വിജയിച്ചതും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേട്ടമുണ്ടാക്കിയതും പ്രതീക്ഷയോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന 200 സീറ്റിലും സിപിഎം, സിപിഐ, സിപിഎം എല്‍, സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക ദള്‍, ജനതാദള്‍ സെക്കുലര്‍ തുടങ്ങിയ പാര്‍ട്ടികള്‍ ഉള്‍പ്പെട്ടെ ലോക് താന്ത്രിക് മോര്‍ച്ച സഖ്യം ബിജെപിക്കും കോണ്‍ഗ്രസ്സിനും മിക്ക മണ്ഡലങ്ങളിലും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Exit mobile version