പിതാവിനെ പോലീസ് വെടിവെച്ച് കൊന്നു, മാതാവിനെ ജനങ്ങളും; തനിച്ചായ ഗൗരിയെ ദത്തെടുത്ത് പോലീസ് ഓഫീസര്‍

കുട്ടികളെ ബന്ദികളാക്കിയതിന് പോലീസ് വെടിവെച്ചുകൊന്ന സുഭാഷ് ബദ്ദാമിന്റെ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് മോഹിത് അഗര്‍വാള്‍ ദത്തെടുക്കുന്നത്.

ലഖ്നൗ: 23 കുട്ടികളെ ബന്ദികളാക്കിയ ദമ്പതിമാരുടെ മകളെ ദത്തെടുക്കാന്‍ തയ്യാറായി പോലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ മോഹിത് അഗര്‍വാളാണ് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

കുട്ടികളെ ബന്ദികളാക്കിയതിന് പോലീസ് വെടിവെച്ചുകൊന്ന സുഭാഷ് ബദ്ദാമിന്റെ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് മോഹിത് അഗര്‍വാള്‍ ദത്തെടുക്കുന്നത്. സുഭാഷ് ബദ്ദാമിനെ പോലീസ് വെടിവെച്ച് കൊന്നതിന് പിന്നാലെ ഇയാളുടെ ഭാര്യയെ പ്രകോപിതരായ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. ഇതോടെയാണ് ഒരു വയസ്സുള്ള ഗൗരി അനാഥയായത്. ഗൗരിയുടെ വിദ്യാഭ്യാസ ചെലവുകള്‍ ഉള്‍പ്പെടെയുള്ളവ താന്‍ വഹിക്കുമെന്ന് മോഹിത് അഗര്‍വാള്‍ പറഞ്ഞു.

‘അവളെ ഒരു ഐപിഎസ് ഉദ്യോഗസ്ഥയാക്കണമെന്നാണ് ആഗ്രഹം. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അവളെ ഏറ്റെടുക്കും. ഗൗരിയെ ഏറ്റവും മികച്ച ബോര്‍ഡിങ് സ്‌കൂളില്‍ പ്രവേശിപ്പിക്കും’, അദ്ദേഹം പറഞ്ഞു. അച്ഛനും അമ്മയും മരിച്ച വിവരമൊന്നും അറിയാതെ ഫാറൂഖാബാദിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഗൗരി.

Exit mobile version