ജയിലിലുള്ള അമ്മയെ കാണാന്‍ നിര്‍ത്താതെ കരഞ്ഞ് നാല് വയസുകാരന്‍; രാത്രിയില്‍ കോടതി തുറന്ന് കനിവ്, സമ്മതം മൂളിയതോടെ അമ്മയ്ക്ക് അരികിലേയ്ക്ക് ഓടിയെത്തി ഈ മകന്‍

എല്ലാ നിയമങ്ങളും ഭേദിച്ച് കുഞ്ഞിന് തന്റെ അമ്മയെ കാണുവാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.

ഭോപ്പാല്‍: ജയിലില്‍ കഴിയുന്ന അമ്മയെ കാണാന്‍ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന് വേണ്ടി രാത്രിയില്‍ കോടതി തുറന്ന് കനിവ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കോടതിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ജറൗണ്‍ അലി എന്ന് നാലുവയസ്സുകാരന്‍ ആണ് തന്റെ അമ്മയെ കാണാന്‍ രാത്രി നിര്‍ത്താതെ കരഞ്ഞത്. ഇതോടെ എല്ലാ നിയമങ്ങളും ഭേദിച്ച് കുഞ്ഞിന് തന്റെ അമ്മയെ കാണുവാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.

ജറൗണ്‍ ജില്ലാ കോടതിക്ക് പുറത്ത് അമ്മാവനൊപ്പം അമ്മയെ കാണനായി കരഞ്ഞെത്തുകയായിരുന്നു. ദേശീയ വാര്‍ത്താ ഏജന്‍സി മാധ്യമപ്രവര്‍ത്തകനാണ് കരയുന്ന കുഞ്ഞിനെ കണ്ടത്. കാര്യം തിരക്കിയപ്പോള്‍ തന്റെ അമ്മയെ കാണാതെ കരയുന്നതാണെന്ന് വ്യക്തമായി. തന്റെ ജ്യേഷ്ഠന്‍ ഷഹ്ബാസ് അലി, സഹോദരന്റെ ഭാര്യ അഫ്രീന്‍, അമ്മ നഗ്മ എന്നിവരെ ക്രിമിനല്‍ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതാണ്. സാഗര്‍ സെന്‍ട്രല്‍ ജയിലിലാണ് അവര്‍ കഴിയുന്നത്. ഇവര്‍ക്ക് ജാമ്യം ആവശ്യപ്പെട്ട് റഹ്മാന്‍ അലി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സമയമാണ് തന്റെ അമ്മയെ കാണുവാന്‍ കുട്ടി കരഞ്ഞ് എത്തിയത്.

ഇത് കേട്ടപ്പാടെ വിവരം സെന്‍ട്രല്‍ ജയില്‍ അധികൃതരെ അറിയിച്ചു. ശേഷം ഇവരെ ജയില്‍ പരിസരത്തേക്ക് കൊണ്ടു പോയി. കുഞ്ഞിന് തന്റെ അമ്മയെ കാണിക്കാന്‍ അവസരം നല്‍കണമെന്ന് റഹ്മാന്‍ പറഞ്ഞപ്പോള്‍ ജയിലര്‍ ഇക്കാര്യം ജയില്‍ സൂപ്രണ്ടിനെ അറിയിച്ചു. എന്നാല്‍ ജയില്‍ സൂപ്രണ്ട് ആദ്യം കൂടിക്കാഴ്ചയ്ക്ക് സമ്മതം നല്‍കിയില്ല. ഇപ്പോള്‍ അതിനുള്ള സമയമല്ല എന്നാണ് സൂപ്രണ്ട് പറഞ്ഞത്. റഹ്മാനോട് കുട്ടിയെ കൂട്ടി രാവിലെ വരാന്‍ ആവശ്യപ്പെട്ടു. ഈ സമയമൊക്കെയും കുട്ടി കരയുകയായിരുന്നു. അതുകൊണ്ട് തന്നെ റഹ്മാന്‍ അവിടെ നിന്നും പോകാന്‍ തയ്യാറായില്ല. അവസ്ഥ മനസ്സിലാക്കിയ സൂപ്രണ്ട് പ്രത്യേക ജഡ്ജിയോട് കാര്യം വ്യക്തമാക്കി. ഇദ്ദേഹം കുട്ടിയുടെ അമ്മയില്‍ നിന്നും ഒരു അപേക്ഷ എഴുതി വാങ്ങാന്‍ ആവശ്യപ്പെട്ടു. ജഡ്ജിയും കോടതിയില്‍ എത്തി.

അപ്പോഴേക്കും സമയം രാത്രി 8.30 ആയിരുന്നു. ജയില്‍ അമ്മ എഴുതിയ കത്ത് ജഡ്ജിക്ക് മുന്‍പില്‍ സമര്‍പ്പിച്ചു. അവസാവനം കുട്ടിക്ക് അമ്മയെ കാണാനുള്ള അനുവാദം നല്‍കി. അനുവാദം ലഭിച്ചപ്പാടെ തന്റെ അമ്മയെ കാണാന്‍ കുഞ്ഞ് ഓടിയെത്തി. ഏവരുടെയും കണ്ണുകളെ നനയിക്കുന്നതായിരുന്നു ആ രംഗങ്ങള്‍. അമ്മയെ കണ്ടതോടെ കുഞ്ഞിന്റെ കരച്ചിലും നിര്‍ത്തി. അമ്മയ്ക്കും സന്തോഷമായെന്ന് ജയില്‍ സൂപ്രണ്ട് സന്തോഷ് സിങ് സോളങ്കി പറഞ്ഞു. ‘തന്റെ ഔദ്യോഗിക ജീവിതത്തില്‍, രാത്രിയില്‍ കോടതി തുറക്കാനായി അപേക്ഷ നല്‍കുന്ന ആദ്യ സംഭവമാണിതെന്നും മറ്റാരാണെങ്കിലും ഇങ്ങനെ തന്നെയെ ചെയ്യുമായിരുന്നുള്ളൂ. ഒന്നുമറിയാത്ത ആ കുട്ടിയുടെ കരച്ചില്‍ അത്രമാത്രം ഹൃദയഭേദകമായിരുന്നു. ഇപ്പോള്‍ സമാധാനവും ആശ്വാവൃസവും തോന്നുന്നു’. സോളങ്കി പറയുന്നു.

Exit mobile version