കൊറോണ വൈറസ്: വുഹാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞ് ചൈന! ആശങ്കയില്‍ കേന്ദ്രസര്‍ക്കാര്‍

പകര്‍ച്ചവ്യാധി മേഖലയില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞതോടെ പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍. പകര്‍ച്ചവ്യാധി മേഖലയില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കൊറോണ വൈറസ് പടരുന്ന വുഹാനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞത്.

അതേസമയം, ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചൈനയുടെ നിലപാടില്‍ അയവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസി ചൈനീസ് അധികൃതരമായി ചര്‍ച്ച നടത്തുകയാണ്.

അതേസമയം, ഇന്ത്യയില്‍ വൈറസ് ബാധയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നിരുന്നാലും പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങള്‍ക്ക് പുറമെ തുറമുഖങ്ങളിലും പരിശോധന നടക്കും. 8 വിമാനത്താവളങ്ങളില്‍ കൂടി പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 6000 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version