നരേന്ദ്ര മോഡിയെ മോശമായി ചിത്രീകരിച്ച് നാടകം അവതരിപ്പിച്ചു; സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു

കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ട്രസ്റ്റിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബിദര്‍(കര്‍ണാടക): കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന പൗരത്വ നിയമ ഭേദഗതിയെയും(സിഎഎ) ദേശീയ പൗരത്വ പട്ടികയെയും(എന്‍ആര്‍സി) എതിര്‍ക്കുന്ന നാടകം അവതരിപ്പിച്ചതിന് സ്‌കൂളിനെതിരെ പോലീസ് കേസ്. കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ട്രസ്റ്റിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോശമായി ചിത്രീകരിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഞായറാഴ്ചയാണ് നാടകം അരങ്ങേറിയത്. സാമൂഹിക പ്രവര്‍ത്തകനായ നിലേഷ് രക്ഷ്യല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് കേസ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും സിഎഎ, എന്‍ആര്‍സി നടപ്പാക്കിയാല്‍ ഒരുവിഭാഗം രാജ്യം വിടേണ്ടിവരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

സ്‌കൂള്‍ നാടകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഹമ്മദ് യൂസഫ് റഹീം എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും റഹീമിനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതായി എബിവിപി അറിയിച്ചു.

Exit mobile version