രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അസമില്‍ അഞ്ചിടത്ത് സ്‌ഫോടനം

അസമിലെ ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്‌ഫോടനം ഉണ്ടായത്.

ഗുവാഹത്തി: അസമില്‍ അഞ്ചിടത്ത് സ്‌ഫോടനം നടന്നു. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അസമിലെ ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്‌ഫോടനം ഉണ്ടായത്.

ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് സൂചന. ദിബ്രുഗഡിലെ ഗ്രഹം ബസാര്‍, എടി റോഡിലെ ഗുരുദ്വാര, ദുലിയാജന്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നു. സൊണാരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ തിയോക് ഘടിലും സ്‌ഫോടനം ഉണ്ടായി. സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അതേസമയം, സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനത്തിന് പിന്നില്‍ ഉള്‍ഫ തീവ്രവാദികളാണെന്നാണ് സംശയം. സ്‌ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. കുറ്റക്കാരെ പിടികൂടാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version