ഹെലികോപ്റ്ററില്‍ എത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല; നേപ്പാളില്‍ മരിച്ച മലയാളികള്‍ തിരുവനന്തപുരം, കോഴിക്കോട് സ്വദേശികള്‍! ഞെട്ടല്‍

തിങ്കളാഴ്ച രാത്രിയോടെ ദമാനിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത 15 അംഗ സംഘത്തിലെ എട്ടുപേര്‍ക്കാണ് വാതകം ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ചത്.

കാഠ്മണ്ഡു: നേപ്പാളില്‍ എട്ടു മലയാളികളുടെ മരണത്തിനിടയാക്കിയത് മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രിയോടെ ദമാനിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത 15 അംഗ സംഘത്തിലെ എട്ടുപേര്‍ക്കാണ് വാതകം ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ചത്.

കനത്ത തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ഇവര്‍ ഹീറ്റര്‍ ഓണ്‍ ചെയ്തിരുന്നുവെന്നാണ് വിവരം. സമുദ്ര നിരപ്പില്‍ നിന്ന് 2500 അടിയോളം ഉയരത്തിലാണ് ഈ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. കാഠ്മണ്ഡുവില്‍ നിന്ന് ഇവിടേക്ക് 80 കിലോമീറ്ററോളം ദൂരമുണ്ട്.

ഇവര്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണെന്നാണ് വിവരം. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. രണ്ട് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമാണ്. ദമാനില്‍ ഇവര്‍ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒന്‍പത്), അഭിനബ് സൊരയ (ഒന്‍പത്), അബി നായര്‍(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാണ് സംശയം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് ഹോട്ടല്‍ മാനേജറും മൊഴി നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ സംഘത്തിലെ മറ്റുള്ളവര്‍ ബലംപ്രയോഗിച്ച് മുറി പരിശോധിച്ചപ്പോഴാണ് എട്ടുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ധംബരാഹിയിലെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചു. രാവിലെ 10.40 നും 11.30നുമാണ് എട്ടുപേരെയും ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേ മരണം സംഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

അതേസമയം, അപകടത്തിന്റെ കാരണത്തെ കുറിച്ച് ബോധ്യപ്പെടാന്‍ എംബിസി ഡോക്ടര്‍ എത്തിയിട്ടുണ്ട്. എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോര്‍ട്ടം.

Exit mobile version