ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്; കപില്‍ സിബല്‍

ന്യൂഡല്‍ഹി; പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനം കോടതിയില്‍ പോകുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് കപില്‍ സിബല്‍. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

മന്ത്രിസഭ തീരുമാനത്തിന് അനുസരിച്ചേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ബിജെപി സര്‍ക്കാരിന്റെ കണ്ണും കാതുമാണ് ഇന്ന് ഗവര്‍ണര്‍മാര്‍. അതിനാല്‍ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഗവര്‍ണര്‍ക്ക് നേരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

അതസമയം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിക്കാമായിരുന്നെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് ചട്ടലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version