ന്യൂഡല്‍ഹി; ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ ജമ്മു കാശ്മീരിര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിന് സമ്മാനിച്ച പോലീസ് മെഡല്‍ പിന്‍വലിച്ചു. ഷേര്‍ ഇ കശ്മീര്‍ മെഡല്‍ പിന്‍വലിച്ച് കൊണ്ട് കശ്മീര്‍ ലെഫ്ന്റ് ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കി.
സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീര്‍ പോലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് നടപടി. ഡിഎസ്പി റാങ്കിലുള്ള ദേവീന്ദര്‍ സിംഗിന്റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികള്‍ മരവിപ്പിച്ചതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള കാര്‍ യാത്രക്കിടെയാണ് ദേവീന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്തത്. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഹിസ്ബുള്‍ ഭീകരര്‍ നവീദ് ബാബുവിനെയും സംഘത്തെയും കശ്മീര്‍ അതിര്‍ത്തി കടക്കാന്‍ ദേവീന്ദര്‍ സിംഗ് സഹായിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഇതിനായി ദേവീന്ദര്‍ സിംഗ് ഭീകരവാദികളില്‍ നിന്ന് പണം കൈപ്പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് 12 ലക്ഷം രൂപയാണ് ദേവീന്ദര്‍ സിംഗ് ഭീകരരില്‍ നിന്നും വാങ്ങിയത്. ദേവീന്ദര്‍ സിംഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രനേഡുകളും മൂന്ന് എ.കെ 47 തോക്കുകളും പിടിച്ചെടുത്തിരുന്നു.