എന്‍ഐഎ നിയമം ഭരണഘടനാ വിരുദ്ധം; ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

എന്‍ഐഎ നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ നിയമത്തിനെതിരെ (എന്‍ഐഎ) ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എന്‍ഐഎ നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്‍ഐഎ നിയമമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന എന്‍ട്രി 2, ലിസ്റ്റ് 2, ഷെഡ്യൂള്‍ 7 പ്രകാരം നല്‍കുന്ന അധികാരങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് നിയമമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അന്വേഷണങ്ങള്‍ക്കുള്ള അധികാരം സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ നിയമം അനുവാദം നല്‍കുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

2008ല്‍ യുപിഎ സര്‍ക്കാരാണ് രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎക്ക് അധികാരം നല്‍കുന്ന നിയമം കൊണ്ടുവന്നത്.

എന്നാല്‍ 2019ല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി. 2008ലെ നിയമപ്രകാരം വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍, 2019ലെ ഭേദഗതി പ്രകാരം വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാം. സംസ്ഥാന പോലീസ് ചുമത്തുന്ന യുഎപിഎ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ എന്‍ഐഎക്ക് കേസ് എടുക്കാം.

Exit mobile version