മന്ത്രിസ്ഥാനത്തെ ചൊല്ലി യെദിയൂരപ്പയും ലിംഗായത്ത് നേതാവും വേദിയില്‍ തര്‍ക്കം!

ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മുമ്പില്‍ വെച്ചാണ് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും ലിംഗായത്ത് പഞ്ചമസാലി സമാജ് ഗുരുപീഠ മഠാധിപതി വചനാനന്ദ സ്വാമിജിയും തമ്മില്‍ വേദിയില്‍ തര്‍ക്കം. മന്ത്രിസ്ഥാനത്തെ ചൊല്ലിയാണ് ഇരവരുടെയും തര്‍ക്കം. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മുമ്പില്‍ വെച്ചാണ് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

കുറഞ്ഞത് മൂന്ന് ലിംഗായത്ത് എംഎല്‍എമാരെയെങ്കിലും കാബിനറ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന ലിംഗായത്ത് നേതാവിന്റെ പരാമര്‍ശമാണ് യെദിയൂരപ്പയെ ചൊടിപ്പിച്ചത്.

‘മുരുഗേഷ് നിരാനിക്ക് മന്ത്രിപദം നിര്‍ബന്ധമായും നല്‍കണം. നിങ്ങളുടെ പിന്നില്‍ പാറപോലെ ഉറച്ചുനിന്ന എംഎല്‍എയാണ് അയാള്‍. നിരാനിക്ക് മന്ത്രിപദം നല്‍കിയില്ലെങ്കില്‍ സമുദായം നിങ്ങള്‍ക്കെതിരെയാകും’-ലിംഗായത്ത് നേതാവ് വേദിയില്‍ പറഞ്ഞു. എന്നാല്‍, നേതാവിന്റെ പ്രസംഗം കേട്ട യെദിയുരപ്പ ദേഷ്യത്തോടെ ഇരിപ്പിടത്തില്‍ നിന്ന് ചാടി എഴുന്നേല്‍ക്കുകയായിരുന്നു.

നിങ്ങളുടെ സംസാരം ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ ഞാന്‍ വേദി വിടും. ഇത്തരം വാക്കുകള്‍ ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചില്ല. നിങ്ങളുടെ ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ച് എനിക്ക് പ്രവര്‍ത്തിക്കാനാകില്ല’.-യെദിയൂരപ്പ തുറന്നടിക്കുകയും ചെയതു.

ഇതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. യെദിയുരപ്പയെ അനുനയിപ്പിക്കാന്‍ ലിംഗായത്ത് നേതാവ് ശ്രമിച്ചെങ്കിലും പരാജപ്പെടുകയായിരുന്നു. നിങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ പറയാം. പക്ഷേ എന്നെ ഭീഷണിപ്പെടുത്താനാണ് ഭാവമെങ്കില്‍ നടക്കില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കി. ടെലിവിഷന്‍ ക്യാമറകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തിരിച്ചറിഞ്ഞതോടെയാണ് യെദിയൂരപ്പ് അടങ്ങിയത്.

Exit mobile version