ജനുവരി 22 തനിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും; കോടതി തീരുമാനം സന്തോഷം നല്‍കുന്നത്; നിര്‍ഭയയുടെ അമ്മ

പ്രതികളെ തൂക്കിലേറ്റുന്ന ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമായിരിക്കുമെന്നും ആശാദേവി പ്രതികരിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടിയില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. കോടതി തീരുമാനം സന്തോഷം നല്‍കുന്നതാണെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

ഏഴ് വര്‍ഷത്തെ പോരാട്ടമാണ് തന്റേതെന്നും തിരുത്തല്‍ ഹര്‍ജി തള്ളിയത് ഉചിതമായ കാര്യമാണെന്നും അവര്‍ പറഞ്ഞു. പ്രതികളെ തൂക്കിലേറ്റുന്ന ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമായിരിക്കുമെന്നും ആശാദേവി പ്രതികരിച്ചു.

വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ കഴിഞ്ഞ ദിവസം തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു.

വിനയ് ശര്‍മ, മുകേഷ് എന്നിവരെ കൂടാതെ അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍. ജസ്റ്റിസുമാരായ എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്‍, ആര്‍ ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് തിഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കുക.

Exit mobile version